മാവൂരിൽ അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥാപിക്കൽ: പാതിവഴിയിൽ നിലച്ചു


കോഴിക്കോട്:മാവൂരിൽ അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പാതിയിൽ നിലച്ചു. സർക്കാറിന്റെ ചുവപ്പ് നാടയിൽ കുരുങ്ങിയതോടെ പദ്ധതിയിലുള്ള പ്രതീക്ഷ മങ്ങി. മാവൂരിൽ സ്ഥാപിക്കേണ്ട പദ്ധതി സർക്കാർ രേഖയിൽ പേര് മാറിവന്നതാണ് വിനയായത്. യൂണിറ്റ് സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ പേര് മാവൂർ എന്നതിന് പകരം ഏലൂർ എന്നാണ് സർക്കാർ രേഖയിലുള്ളത്. ഇത് തിരുത്തി രേഖകൾ ശരിയാക്കി മാവൂരിൽ അഗ്നി രക്ഷാ യൂണിറ്റ് സ്ഥാപിക്കാൻ സർക്കാറിൽ നിന്ന് തുടർ നടപടികളുണ്ടായില്ല. ഇതോടെ മാവൂർ നിവാസികൾക്ക് അഗ്നിയായി പടർന്ന ആവേശം സർക്കാർ തന്നെ വെള്ളം തളിച്ച് കെടുത്തി. മാവൂരിൽ അഗ്നിരക്ഷാ സേന സ്ഥാപിക്കാൻ പി.ടി.എ. റഹീം എംഎൽഎയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തും വ്യാപാരികളും ചേർന്ന് നടത്തിയ ശ്രമം അഗ്നിയായി പടർന്നിരുന്നു. മാവൂർ അങ്ങാടിയിൽ കൂളിമാട് റോഡരികിലെ പഴയ കെട്ടിടം പുതുക്കിപ്പണിത് ബലപ്പെടുത്തി അഗ്നിരക്ഷാസേനയ്ക്ക് താൽക്കാലിക കെട്ടിടം നിർമിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.



മാവൂരിലെ വ്യാപാരികൾ ചേർന്ന് കെട്ടിടം നിർമിക്കാൻ തുടക്കമിട്ടു. ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷവും അനുവദിച്ചു. താൽക്കാലിക കെട്ടിടംപണി ദ്രുതഗതിയിൽ നടക്കുന്നതിനിടെ തന്നെ അഗ്നിരക്ഷാസേനയ്ക്ക് സ്ഥിരം കെട്ടിടം നിർമിക്കാൻ കൽപ്പള്ളിയിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും അധികൃതരെത്തി പരിശോധന നടത്തി. മുക്കം സ്റ്റേഷൻ ഓഫിസർക്ക് ഇതിന്റെ ചുമതലയും നൽകി. ഇതിനിടെയാണ് പദ്ധതി സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ പേര് മാറിപ്പോയ കാര്യം അറിഞ്ഞത്. വേണം... അഗ്നിരക്ഷാ യൂണിറ്റ് ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചതും ദുരിതം വിതച്ചതും മാവൂരിലായിരുന്നു.

കനത്തമഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് കുഞ്ഞുങ്ങൾ മരിക്കുകയും, ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്ന് വീഴുകയും ചെയ്തു. പ്രളയത്തിൽ നാട്ടിൻപുറത്തെ അങ്ങാടികളടക്കം ഒട്ടേറെ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശങ്ങളിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും ജനം നെട്ടോട്ടത്തിലായിരുന്നു. മാവൂരിലേക്ക് മുക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയെത്തണം. മാവൂർ––കോഴിക്കോട് റോഡും, മാവൂർ––കൂളിമാട് റോഡും വെള്ളത്തിനടിയിലായതോടെ ഗതാഗതവും നിലച്ചു. റോഡരികിലെ പത്തിലേറെ വലിയ തണൽമരങ്ങൾ കടപുഴകിവീണു.

അഗ്നിരക്ഷാസേന അംഗങ്ങൾക്ക് മാവൂരിലെത്താനും ഏറെ പ്രയാസപ്പെട്ടു. മാവൂരിൽ അഗ്നിരക്ഷാസേനയൂണിറ്റ് സ്ഥാപിച്ചാൽ മാവൂർ, പെരുവയൽ, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലേക്കും മലപ്പുറം ജില്ലയിലെ വാഴക്കാട്, ആക്കോട്, ചീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കും എളുപ്പത്തിലെത്താനാവും. മാവൂരിൽ അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കാനാവും. പദ്ധതി നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുകയാണ്. പി.ടി.എ. റഹീം എംഎൽഎ മാവൂരിൽ അഗ്നിരക്ഷായൂണിറ്റ് സ്ഥാപിക്കുന്നതിന് സർക്കാറിൽ നിന്നുള്ള അനുമതി ലഭിക്കണം. അനുമതി ലഭിച്ചാൽ മാവൂരിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഉടനെ തുടങ്ങും. ജില്ലാ ഫയർ ഓഫിസർ രജീഷ് അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥാപിക്കുന്നതിന് താൽക്കാലിക കെട്ടിടം നിർമിച്ചുനൽകാൻ ഗ്രാമപഞ്ചായത്ത് ഫണ്ട് നീക്കിവച്ചിട്ടുണ്ട്. ഇതിനായി പഴയ കെട്ടിടം നവീകരിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്.

"സർക്കാറിൽ നിന്നുള്ള അനുമതി ലഭിച്ചാൽ യൂണിറ്റ് സ്ഥാപിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ പഞ്ചായത്ത് സന്നദ്ധമാണ്." -പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്

Post a Comment

0 Comments