നഗരത്തിൽ രണ്ട്​ ആധുനിക ലൈബ്രറികൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു



കോഴിക്കോട്: നഗരഹൃദയത്തിൽ രണ്ട് ആധുനിക ലൈബ്രറികൾ ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങുന്നു. ജില്ല ലൈബ്രറി കൗൺസിലിന് കീഴിൽ മാവൂർ റോഡിലും ക്രിസ്ത്യൻ കോളജ് ജങ്ഷനിലുമാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശം ജില്ല ലൈബ്രറി കൗൺസിൽ പണിത മൂന്നു നില കെട്ടിടത്തിലും ക്രിസ്ത്യൻ കോളജിനടുത്ത് പഴയ കിളിയനാട് സ്കൂൾ വളപ്പിൽ പണിയുന്ന ജില്ല സെൻട്രൽ ലൈബ്രറി കെട്ടിടത്തിലുമാണ് അവസാന മിനുക്കുപണി പുരോഗമിക്കുന്നത്. മാവൂർ റോഡ് ലൈബ്രറി ഇൗ മാസം അവസാനം ഉദ്ഘാടനം നടത്താനാണ് തീരുമാനം.



ഏറെക്കാലം അവഗണനയിൽ കിടക്കുകയായിരുന്ന മാവൂർ റോഡിലെ ലൈബ്രറി കൗൺസിൽ സ്ഥലത്ത് മാസങ്ങൾക്കുമുമ്പാണ് പുതിയ സമുച്ചയം നിർമാണത്തിന് നടപടിയായത്. മൊത്തം ഒരു കോടിയോളം ചെലവിൽ ആകർഷകമായ രീതിയിലാണ് കെട്ടിടം പണി പൂർത്തിയായത്. തിരക്കേറിയ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്നവർക്കും മറ്റും ഏറെ പ്രയോജനമാവുമെന്ന് കരുതുന്ന എസ്.എൻ.പി.എസ്.എസ് ലൈബ്രറി, സാഹിത്യകൂട്ടായ്മകളുടെ നഗരത്തിന് പുതിയ മുഖച്ഛായ നൽകും. മലബാർ ക്രിസ്ത്യൻ കോളജിന് സമീപം പഴയ കിളിയനാട് സ്കൂൾ വളപ്പിൽ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലുള്ള ജില്ല സെൻട്രൽ ലൈബ്രറി കെട്ടിടം പണിയും പുരോഗമിക്കുകയാണ്. പുതിയ കെട്ടിടത്തിൽ മൂന്ന് നിലയിൽ റഫറൻസ് ലൈബ്രറിക്കൊപ്പം സാംസ്കാരിക സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യങ്ങളും ഉണ്ട്. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.65 കോടി രൂപ ചെലവിലാണ് കെട്ടിടം പണി. മാനാഞ്ചിറ സെൻട്രൽ ലൈബ്രറി കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങിയപ്പോൾ 2004 മുതൽ ലൈബ്രറി, വിദ്യാർഥികളൊഴിഞ്ഞ കിളിയനാട് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ആയിരത്തോളം അംഗങ്ങളും 60,000 ത്തിലേറെ പുസ്തകങ്ങളുമുള്ള ലൈബ്രറിയോട് ചേർന്നുള്ള മ്യൂസിയത്തിൽ ഉറൂബ് ഉപയോഗിച്ച വസ്തുക്കളും ൈകയെഴുത്ത് പ്രതികളുമടക്കമുള്ളവയും സജ്ജീകരിക്കും. ഇപ്പോൾ ആനക്കുളം സാംസ്കാരിക നിലയത്തിലാണ് പുസ്തകങ്ങളും ഉറൂബ് സ്മാരകങ്ങളും സൂക്ഷിച്ചിരിക്കുന്നത്.

Post a Comment

0 Comments