തിരുവനന്തപുരം: പശ്ചാത്തല സൗകര്യവികസനത്തിനും ആധുനികസാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭ അംഗീകരിച്ചു. പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുക, പാതകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉറപ്പുവരുക, സുരക്ഷിതത്വം അഴിമതിരഹിതമായ നിര്‍മാണം എന്നിവ ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് നയം.
പുതിയ നയം നടപ്പാക്കുന്നതിന് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കും. മരാമത്ത് ഓഡിറ്റ് നിര്‍ബന്ധമാക്കും. സ്ഥലം കിട്ടാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി നടപടികള്‍ വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്വാളിറ്റി മാന്വല്‍, ലബോറട്ടറി മാന്വല്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പരിസ്ഥിതി സൗഹൃദ നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള മലയോര ഹൈവെ (1,627 കിലോമീറ്റര്‍) നിര്‍മാണം പൂര്‍ത്തിയാക്കും. തീരദേശ ഹൈവെ (656 കിലോമീറ്റര്‍) പൂര്‍ത്തിയാക്കും. ശബരിമല റോഡുകള്‍ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകറ്റപ്പണിക്ക് കരാര്‍ നല്‍കും. കയ്യേറ്റം ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനിലെ ഏഴ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) പൊതുവില്‍പ്പനനികുതി നിരക്ക് പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 78.5 കോടി രൂപ ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.
പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കും ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും പുനരധിവാസത്തിന് ഭൂമി സംഭാവന ചെയ്യുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ചു. പൊതുസ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ഭൂമി സംഭാവന ചെയ്യുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
0 Comments