കോഴിക്കോട്: ഐലീഗ് മത്സരങ്ങള്‍ക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ കളിയാരവങ്ങള്‍ക്ക് കാതോര്‍ത്ത് കോര്‍പ്പറേഷഷന്‍ സ്റ്റേഡിയം. ഐലീഗ് ടീമായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട്. മത്സരങ്ങള്‍ 27നു തുടങ്ങും. മോഹന്‍ ഭാഗാന് എതിരെയാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായി അവസാനവട്ട ഒരുക്കങ്ങളിലാണ് നഗരഹൃദയത്തിലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയം.
ഗോകുലം ഓപ്പറേഷനല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍. സ്റ്റേഡിയത്തില്‍ കാടുപിടിച്ചിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി മോഡി കൂട്ടിയിട്ടുണ്ട്. കനത്ത മഴയില്‍ സ്റ്റേഡിയത്തില്‍ കുണ്ടും കുഴിയും നിറഞ്ഞിരുന്നു. പ്രളയം കഴിഞ്ഞയുടന്‍ ഇതിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കളകള്‍ ചെത്തിമാറ്റുകയും പുല്ലുകള്‍ ഇളകിയ ഭാഗത്ത് പുതിയവ വെച്ചുപിടിപ്പിക്കുകയും ചെയ്തു.
ഗോകുലം കേരള എഫ്സിയുടെ 2018-2019 സീസണിലെ ജെയ്സി ലോഞ്ചിങ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവ്വഹിക്കുന്നു |
വിഐപി പവലിയനില്‍നിന്ന് കളി കാണാന്‍ പ്രയാസമുള്ളതിനാല്‍ കളിക്കാര്‍ പ്രവേശിക്കുന്ന ഭാഗത്ത് പുതിയ പവലിയന്‍ ഉയരുന്നുണ്ട്. പ്രധാന അതിഥികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. സ്റ്റേഡിയത്തിനകത്തെ തകര്‍ന്ന കസേരകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നുമുണ്ട്. സ്റ്റേഡിയത്തിന്റെ ചുവരുകള്‍ നിറം മങ്ങിയതിനാല്‍ പെയിന്റിങും തുടങ്ങി. പൂപ്പല്‍ പിടിച്ചതിനാല്‍ പിടിപ്പതു ജോലിയുണ്ട് പെയിന്റിങ് തൊഴിലാളികള്‍ക്ക്. ഇതിനായി ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാക്കിയിട്ടുണ്ട്.
ഫ്‌ളഡ്‌ലൈറ്റുകളില്‍ തകരാര്‍ സംഭവിച്ചവ ഉടനെ മാറ്റി പുതിയതു സ്ഥാപിക്കും. 27ന് വൈകിട്ട് അഞ്ചിനാണ് മോഹന്‍ ഭഗാന് എതിരെയുള്ള മത്സരം. ഇത്തവണ മത്സരങ്ങള്‍ വൈകിട്ടുതന്നെ ആയതിനാല്‍ കഴിഞ്ഞ തവണത്തെ പോലെ ആളൊഴിഞ്ഞ ഗ്യാലറികള്‍ ആവില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നട്ടുച്ചയ്ക്ക് പൊരിവെയിലില്‍ ആയിരുന്നു പല മത്സരങ്ങളും. ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം ഗ്രൗണ്ടില്‍ ആരംഭിച്ചിട്ടുണ്ട്.
0 Comments