ദുരന്തമുഖത്ത് രക്ഷാദൗത്യവുമായി ഇനി ‘പിങ്ക് ‘ സേനയും


കോഴിക്കോട്: അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിയ സ്ത്രീകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ‘അവള്‍’ പോരാട്ടത്തിലാണ്. തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നു കാണിച്ചു തരികയാണവര്‍. ഇപ്പോഴിതാ ആണ്‍കേന്ദ്രീകൃതമായിരുന്ന ദുരന്ത നിവാരണത്തിലേക്കും ചുവടുവച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍.



‘പിങ്ക് അലര്‍ട്ട് ‘ എന്ന പേരില്‍ 150ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ദുരന്തനിവാരണത്തിലേക്ക് ചുവടുവച്ചിരിക്കുന്നത്. ദുരന്തമുഖത്തു സ്ത്രീകളുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കോഴിക്കോട് കോര്‍പറേഷന്‍ കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ‘പിങ്ക് അലര്‍ട്ട് ‘ എന്ന പേരില്‍ 150 വളണ്ടിയര്‍മാരുടെ ഒരു സന്നദ്ധസേന രൂപീകരിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തക്ക് ദുരന്തനിവാരണ രംഗത്തേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്.

പിങ്ക് അലര്‍ട്ടില്‍ 150-ലധികം അംഗങ്ങളുണ്ട്. പ്രായഭേദമെന്യേ നിരവധിപേരാണ് സേവന സന്നദ്ധരായയി രംഗത്തെത്തിയിട്ടുള്ളത്. ട്രോമാ കെയര്‍ കോഴിക്കോട്, എല്‍.ജി, കണ്ണങ്കണ്ടി എന്നീ സ്ഥാപനങ്ങളാണ് പിങ്ക് അലര്‍ട്ടിന്റെ കോ. പാര്‍ട്ട്ണര്‍മാര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോ. പാര്‍ട്ട്ണറായി പ്രവര്‍ത്തിക്കുകയും ചെയ്യും. പിങ്ക് അലര്‍ട്ടിന്റെ 100 അംഗങ്ങല്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ‘ദുരന്തങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. കേരളം പലകാര്യങ്ങള്‍ക്കും മറ്റു ജില്ലകള്‍ക്കും രാജ്യങ്ങള്‍ക്കും മാതൃകയാണ്. അതുപോലെ തന്നെയായി മാറും ഈ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രമാണ് ഇതിലൂടെ തുടങ്ങുന്നത്. സന്നദ്ധപ്രവര്‍ത്തനത്തിന്റെ പുതിയ ചരിത്രം. വലിയ ദൗത്യമാണ് ഇവര്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ദുരന്തങ്ങള്‍ വരികയാണെങ്കില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.വി റംസി ഇസ്മായില്‍, പി.സി രാജന്‍, അനിതാ രാജന്‍, ടി.വി ലളിത പ്രഭ, പി.സി കവിത, ഡോ. അര്‍പ്പിത് ഈശോ സാമുവല്‍, മുഹമ്മദ് റാഫി, പരീദ് കണ്ണങ്കണ്ടി, ടി. കെ ഗീത, ഒ. രജിത, എന്‍. ജയശീല പങ്കെടുത്തു.

Post a Comment

0 Comments