കുടുംബശ്രീയുടെ പിങ്ക് ലാഡർ; ഉദ‌്ഘാടനം നവംബർ ഒന്നിന‌്

Representation image

കോഴിക്കോട‌്:കെട്ടിട നിർമാണ മേഖലയിലെ സർക്കാർ അംഗീകൃത ഏജൻസിയായി കുടുംബശ്രീയുടെ പുത്തൻ ചുവടുവയ‌്പ‌്. സ‌്ത്രീകൾക്ക് അപരിചിതമായ നിർമാണ പ്രവർത്തന മേഖലയിൽ സാങ്കേതിക പരിജ്ഞാനം നൽകി സുസ്ഥിരമായ നിർമാണ സംരംഭങ്ങൾ സ്ഥാപിച്ചാണ് ഈ പദ്ധതി ലക്ഷ്യം കൈവരിക്കുക.    സർക്കാരിന്റെ വിവിധ ഭവന പദ്ധതികൾ നടപ്പാക്കുമ്പോൾ നിരാശ്രയരും നിസ്സഹായരുമായ കുടുംബങ്ങളുടെ വീട് ചുരുങ്ങിയ ചെലവിൽ നിർമിക്കുന്നതിനാവശ്യമായ നിർമാണ രീതി അനുവർത്തിക്കുന്നതിനാണ് ഈ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.ഇതിന്റെ ആദ്യപടിയായി പിങ്ക് ലാഡർ എന്ന പേരിൽ കോഴിക്കോട് കോർപറേഷൻ കുടുംബശ്രീക്കു കീഴിൽ രണ്ടു യൂണിറ്റുകൾ ആരംഭിക്കും. 15 വീതം അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഓരോ സംരംഭക യൂണിറ്റും. കെട്ടിടങ്ങളുടെ തറനിർമാണം മുതൽ ഫിനിഷിങ‌് ജോലികൾവരെ എല്ലാ ജോലികളും ഏറ്റെടുക്കുന്ന രീതിയിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നിർമാണപരിശീലനത്തിനുള്ള സാമ്പത്തിക  സഹായം കുടുംബശ്രീ ജില്ലാമിഷനും സാങ്കേതിക വൈദഗ്ധ്യ പരിശീലനം സി സ‌്റ്റെഡും നൽകും. 10 ലക്ഷം രൂപയുടെ പ്രവൃത്തികൾ ഈ ഗ്രൂപ്പ് ഏറ്റെടുത്ത‌് പൂർത്തിയാക്കുന്നതോടെ ഇവർക്ക് സർക്കാർ അംഗീകൃത ഏജൻസി പദവി ലഭിക്കും.

പിങ്ക് ലാഡറിന്റെ ഔദ്യോഗികമായ ലോഞ്ചിങ്ങും വീടിന്റെ തറക്കല്ലിടലും  കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10ന‌് 50–ാം വാർഡിലെ ബേപ്പൂർ തമ്പി റോഡിൽ ഇടക്കിട്ട കോവിലകം പറമ്പിൽ മേയർ  തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. രണ്ട് വീടുകളാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്. പിഎംഎവൈ ലൈഫ് ഗുണഭോക്താക്കളായ 50ാം വാർഡിലെ ശോഭനയുടെയും 70ാം വാർഡിലെ നന്ദിനിയുടെയും ഭവനനിർമാണമാണ് പിങ്ക് ലാഡർ നിർവഹിക്കുന്നത്. ശോഭനയുടെ വീട‌് 50 ചതുരശ്ര മീറ്ററും നന്ദിനിയുടെ വീട‌്  40 ചതുരശ്ര മീറ്ററും വിസ‌്തീർണത്തിലാണ‌് നിർമാണം. വീടുനിർമാണത്തിന‌് 53 പ്രവൃത്തിദിനങ്ങളാണ‌് ആവശ്യം. നിലവിൽ ആലപ്പുഴ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ  മാത്രമാണ‌് കൺസ‌്ട്രക‌്ഷൻ ഗ്രൂപ്പുള്ളത‌്.

Post a Comment

0 Comments