ഭൂസേവനങ്ങൾ ഇനി വിരൽത്തുമ്പിൽ



കോഴിക്കോട്: ഭൂമി സംബന്ധമായ സേവനങ്ങൾ റവന്യു ലാൻഡ്‌ ഇൻഫർമേഷൻ സിസ്റ്റം(റെലിസ്) വഴി ഇനി വിരൽത്തുമ്പിൽ ലഭ്യമാവും. അതിനാൽ സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ എന്നിവ വഴി വില്ലേജ് ഓഫീസിൽ പോകാതെതന്നെ ഭൂനികുതി ഇനി ഓൺലൈൻ ആയി അടയ്ക്കാം.



ഭൂസേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടർ യു.വി. ജോസ് നിർവഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ ലളിതമായി ജനങ്ങളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ ലഘുലേഖയും ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. താലൂക്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ബീനാ രാജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സി. ബിജു, തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, കോർപ്പറേഷൻ കൗൺസിലർ യു. രജനി എന്നിവർ സംസാരിച്ചു.


ഓൺലൈൻ ആയി ഭൂനികുതി അടയ്ക്കുന്ന വിധം

ഭൂമി സംബന്ധമായ രേഖകൾ, മുൻ വർഷം ഭൂനികുതി അടച്ചതിന്റെ വിശദാംശം, ഭൂവുടമയുടെ തിരിച്ചറിയൽ കാർഡ് നമ്പർ (ആധാർ കാർഡ് നമ്പർ അഭിലഷണീയം), ഭൂവുടമയുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെ മേൽവിലാസം എന്നിവ കമ്പ്യൂട്ടർ നെറ്റ് വർക്കിലേക്ക് വില്ലേജ് ഓഫീസർ അപ്‍ലോഡ് ചെയ്യണം. തുടർന്ന് തണ്ടപ്പേര്, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ എന്നിവ ഭൂവുടമയ്ക്ക് ലഭ്യമാവും. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി www.revenue.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഭൂനികുതി അടയ്ക്കാം.

ഓൺലൈനായി ഭൂനികുതി അടയ്ക്കുന്നതിന് വെബ്‌സൈറ്റിന്റെ ഹോം പേജിൽ ‘പേ യുവർ ടാക്‌സ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സൈൻ അപ് ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്യുക. ശേഷം സൈൻ ഇൻ ചെയ്ത് ന്യൂ റിക്വസ്റ്റ് തിരഞ്ഞെടുക്കുക. തുടർന്ന് പൊതുവായുള്ള വിവരങ്ങൾ, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച തണ്ടപ്പേര് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ, മുൻവർഷം ഭൂനികുതി അടവാക്കിയത്, നികുതിദായകന്റെ പേര് തുടങ്ങിയ വിവരങ്ങൾ നൽകുക. റിമാർക്‌സ് കോളത്തിൽ ഭൂമിയുടെ ആധാരത്തിന്റെ നമ്പർ അല്ലെങ്കിൽ പട്ടയ നമ്പർ കൂടി നൽകി അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന വില്ലേജ് ഓഫീസർ പരിശോധനകൾക്കു ശേഷം അംഗീകാരം നൽകും. തുടർന്ന് സൈൻ ഇൻ ചെയ്ത ശേഷം ‘മൈ റിക്വസ്റ്റിൽ’ ‘പേ നൗ’ തിരഞ്ഞെടുത്ത് നെറ്റ് ബാങ്കിങ്‌, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് സംവിധാനം വഴി പണമടച്ച രശീത് പ്രിന്റ് എടുക്കാം. ഒരു തവണ വില്ലേജ് ഓഫീസർ അംഗീകാരം നൽകിയാൽ പിന്നീടുള്ള വർഷങ്ങളിലും യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് നികുതി അടയ്ക്കാൻ സാധിക്കും.

Post a Comment

0 Comments