നാദാപുരത്ത് കടകളിലേക്ക് വീണ്ടും വെള്ളം കയറി


നാദാപുരം:വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലുമായി പെയ്ത ശക്തമായ മഴയിൽ നാദാപുരം മൽസ്യമാർക്കറ്റ് പരിസരത്ത് റോഡിൽ വെള്ളക്കെട്ടുയർന്ന് കടകളിലേക്കു വെള്ളം കയറി സാധനങ്ങൾ നശിച്ചു. ഇതു വ്യാപാരികളുടെ പ്രതിഷേധത്തിനും ഗതാഗത തടസ്സത്തിനും വഴിയൊരുക്കി. പൊലീസും പഞ്ചായത്ത് അധികൃതരും വ്യാപാരി നേതാക്കളും രംഗത്തെത്തി തലശ്ശേരി റോഡിൽ തടസ്സപ്പെട്ട അഴുക്കുചാലിലേക്കിട്ട കുഴലിലെ തടസ്സം മണ്ണുമാന്തി ഉപയോഗിച്ച് നീക്കി വെള്ളമൊഴുക്കി തുടങ്ങി. മഴ ഇനിയും തുടർന്നാൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്നതാണ് സ്ഥിതി.



റോഡ് വീതി കൂട്ടിയ ഘട്ടത്തിൽ അഴുക്കുചാൽ പുനർനിർമിച്ചതിനിടെ പലസ്ഥലത്തും പൈപ്പുകളിട്ടിരുന്നു. ഈ പൈപ്പുകളിലും ഓടയിലും മാലിന്യം കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്. പൂർണമായ നിലയിൽ വെള്ളമൊഴുക്കി വിടാൻ പൊതുമരാമത്ത് അധികൃതരുടെ സഹായം തേടിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. സംസ്ഥാന പാതയ്ക്കിടയിലെ കുഴലുകളിലെ തടസ്സം നീക്കം ചെയ്താൽ മാത്രമേ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുകയുള്ളൂ. അതിനായുള്ള പരിശോധന ചൊവ്വാഴ്ച നടത്തും.

മഴ പെയ്തു തുടങ്ങുമ്പോഴേക്കും വെള്ളപ്പൊക്കമുണ്ടാകുന്നത് നാദാപുരത്ത് പതിവായിരിക്കുകയാണ്. മഴ ശമിച്ചതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടും മാർക്കറ്റ് പരിസരത്ത് വെള്ളമിറങ്ങാതായതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഏരത്ത് ഇഖ്ബാൽ, മേഖലാ കൺവീനർ കണേക്കൽ അബ്ബാസ്, കക്കാടൻ കുഞ്ഞബ്ദുല്ല, ഹാരിസ് മാത്തോട്ടം, സിൽവർ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർക്കറ്റ് പരിസരത്തു കൂടിയുള്ള ഗതാഗതം തടഞ്ഞത്.

എല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡിൽ‌ കൂടി തിരിച്ചു വിട്ടതോടെ ബസ് സ്റ്റാൻഡിലും പുറത്തും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഉച്ച കഴിഞ്ഞ് മൂന്നോടെ മണ്ണുമാന്തി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ച് അഴുക്കുചാലിലേക്ക് വെള്ളമെത്തുന്ന കുഴലിലെ തടസ്സങ്ങൾ നീക്കിയാണ് വെള്ളമൊഴുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് സി.വി. കു‍ഞ്ഞികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷ ടി.കെ. സുബൈദ, മെംബർ എം.പി. സൂപ്പി, എച്ച്ഐ കെ. സതീശ്ബാബു എന്നിവരും ഒട്ടേറെ വ്യാപാരികളും നാട്ടുകാരും നേതൃത്വം നൽകി. തട്ടാൻകുന്നുമ്മൽ ബഷീർ, കുനീലാണ്ടി പുരുഷു, പാലേരിക്കണ്ടി അബ്ദുല്ല എന്നിവരുടെ കടകളിലും എബിജി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ്, അറ്റ്‌ലസ് ജ്വല്ലറി, ഫെയ്മസ് ബേക്കറി, ഗ്യാലക്സി ബേക്കറി, മലോൽ മൊയ്തു ഹാജിയുടെ പലചരക്കു കട, സെൽജ ഫാൻസി, ടീ ടൈം കഫ്റ്റേരിയ, മാർക്കറ്റ് പരിസരത്തെ മറ്റു കടകൾ എന്നിവിടങ്ങളിലേക്കും വെള്ളം കയറി.

Post a Comment

0 Comments