മാനാഞ്ചിറയിൽ 3 കോടിയുടെ വികസന പ്രവൃത്തിക്ക‌് തുടക്കം

നവീകരണ പ്രവൃത്തി ഉദ‌്ഘാടനം  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  ഡോ. എം കെ മുനീര്‍ എംഎല്‍എ,   കലക്ടര്‍ യു വി ജോസ് എന്നിവർ  നിർവഹിക്കുന്നു.

കോഴിക്കോട്:കോഴിക്കോടിന്റെ സ്വന്തം മാനാഞ്ചിറ കൂടുതൽ സുന്ദരിയാവുകയാണ‌്.  ഓപ്പൺ എയർ സ്റ്റേജ്, ഷെൽട്ടറുകൾ, മൂത്രപ്പുര, പുതിയ കവാടം, വൈദ്യുതി വിളക്കുകൾ, പുതിയ പുൽത്തകിടി ഉൾപ്പെടെ  മാനാഞ്ചിറയുടെ മുഖം മാറ്റുന്ന മൂന്ന‌ുകോടി രൂപയുടെ വികസന   പ്രവൃത്തികളാണ‌് ഒരുങ്ങുന്നത‌്.  സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണ് ചെലവഴിക്കുന്നത്. പ്രവൃത്തി ഉദ‌്ഘാടനം  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  ഡോ. എം കെ മുനീര്‍ എംഎല്‍എ,   കലക്ടര്‍ യു വി ജോസ് എന്നിവർ  നിർവഹിച്ചു.



നടപ്പാത നവീകരണം, സൂചന ബോർഡുകൾ, കക്കൂസ്, മൂത്രപ്പുര,  വൈദ്യുതി വിളക്കുകൾ തുടങ്ങി മാനാഞ്ചിറയുടെ സൗകര്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടനവധി പ്രവൃത്തികളുടെ നിർമാണമാണ‌് ആരംഭിക്കുന്നത‌്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി ബിഇഎം സ്‌കൂളിന് എതിർവശം മാനാഞ്ചിറ ‌സ‌്ക്വയറിലേക്ക‌് പ്രവേശിക്കാൻ പുതിയ കവാടത്തിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.  മറ്റ‌് കവാടങ്ങളുടെ മാതൃകയിലാണിതിന്റെ നിർമാണം. മഴയിൽ തകർന്ന ഷെൽട്ടറിന്റെ നവീകരണത്തിനൊപ്പം  പുതിയ ഷെൽട്ടറുകളും  നിർമിക്കും.  സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം  മൂത്രപ്പുരകളാണ് തയ്യാറാക്കുന്നത‌്.  പുൽമൈതാനം പൂർണമായും മാറ്റി പുതിയ പുല്ല‌് വച്ചുപിടിപ്പിക്കും. ഇന്റർലോക്കുകൾ മാറ്റി പുതിയത‌് സ്ഥാപിക്കും. മതിലിന്റെ പൊളിഞ്ഞ ഭാഗങ്ങളുടെ പുനര്‍നിര്‍മിക്കും. സന്ദർശകരുടെ   ബാഗുകളും മറ്റും സൂക്ഷിക്കാനായി ക്ലോക്ക് റൂം നിർമിക്കുന്നുണ്ട്.  മാനാഞ്ചിറയിൽ ഡ്രെയിനേജ് സംവിധാനവും നവീകരിക്കും.   ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌്  സൊസൈറ്റിക്കാണ‌് നിർമാണ ചുമതല.

നാലു മാസംകൊണ്ട്   പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആർക്കിടെക്ട് ആർ കെ രമേശാണ്  വികസന പദ്ധതികളുടെ രൂപകൽപ്പന. മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറ സ്‌ക്വയറും നവീകരിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയതെങ്കിലും സാങ്കേതിക കുരുക്കുകളിൽപ്പെട്ട‌് വൈകുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ആര്‍ക്കിടെക്ട് ആര്‍ കെ രമേശ്, യുഎൽസിസിഎസ് ഡയറക്ടർ എം എം സുരേന്ദ്രൻ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments