വടകരയിൽ ഇന്ന് മുതല്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

നോട്ടീസ് നല്‍കാതെ നഗരസഭാ അധികൃതര്‍ ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനെതിരെ ഹോട്ടലുടമകള്‍ നടത്തിയ പ്രതിഷേധം


വടകര:മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് വടകരയിലെ വ്യാപാരികളും നഗരസഭാ അധികൃതരും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ന് മുതല്‍ ഹോട്ടലുടമകള്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.



നോട്ടീസ് നല്‍കാതെയാണ് നഗരസഭാ അധികൃതര്‍ ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയത്. ഇതിനെതിരെ ഹോട്ടല്‍ ആന്‍ഡ് കൂള്‍ ബാര്‍ ഉടമകള്‍ ഇന്നലെ കടകള്‍ അടച്ച് നഗരസഭാ ഓഫിസ് മാര്‍ച്ച് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെശ്രീധരന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി രാവിലേയും വൈകീട്ടും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. കരിമ്പന തോടിലെ മാലിന്യ പ്രശ്‌നം സങ്കീര്‍ണമാണെന്നും 15 ദിവസത്തിനകം മാലിന്യ സംസ്‌കരണ പ്ലാന്റ് തയ്യാറാക്കി നഗരസഭയെ അറിയിച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാക്കാമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയെങ്കിലും വ്യാപാരികള്‍ അംഗീകരിച്ചില്ല. നഗരസഭാ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വടകരയിലെ ഹോട്ടലുകളും കൂള്‍ബാറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വടകര യൂനിറ്റ് തീരുമാനിച്ചു.

യാതൊരു മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ പോലും നശിപ്പിച്ചു കളയുന്ന രീതിയില്‍ ബലമായി കട താഴിട്ട് പൂട്ടുകയും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുന്നതായുള്ള അടിസ്ഥാന രഹിതമായ കുറ്റം ആരോപിച്ചു കൊണ്ട് പൊലിസ് അകമ്പടിയോടെ പൂട്ടിയ നടപടിയിലാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു. നഗരസഭയുടെ നടപടിക്കെതിരെ നഷ്ടപരിഹാരമടക്കമുളള നടപടികള്‍ക്കായി കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.ഷമീര്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍ സുഗുണന്‍, മുഹമ്മദ്, കെ.പി നിധീഷ്, സുരേഷ് കുഞ്ഞിക്കണ്ടി, പി.പി സില്‍ഹാദ്, പവിത്രന്‍ കുറ്റ്യാടി സംസാരിച്ചു.

Post a Comment

0 Comments