ബേപ്പൂർ തുറമുഖത്ത് ലോഹമണൽ കപ്പലെത്തി; ചരക്കിറക്കിത്തുടങ്ങി

തുറമുഖത്തെ ജര്‍മന്‍ കണ്ടെയ്‌നര്‍ ക്രെയിന്‍ ഉപയോഗിച്ച് ലോഹമണല്‍ കപ്പലില്‍ നിന്ന് ഇറക്കുന്നു. 

ബേപ്പൂർ: ഗുജറാത്തിൽനിന്ന്‌ ലോഹമണലുമായി കപ്പൽ ബേപ്പൂർ തുറമുഖത്തെത്തി. കൊച്ചി തുറമുഖത്ത് ലോഹമണലുമായി എത്തിക്കൊണ്ടിരുന്ന എം.വി. ഭാസ്കർ-2 എന്ന കപ്പലാണ് 2000 ടൺ ലോഹമണലുമായി (സിലിക്കാ സാൻഡ്) ബേപ്പൂരിലെത്തിയത്. തമിഴ്നാട്ടിലെ ഗ്ലാസ്‌ അധിഷ്ഠിത ഉത്‌പന്നനിർമാണ കമ്പനികളിലേക്കാണ് ലോഹമണൽ കരമാർഗം എത്തിക്കുന്നത്. ഇനി പതിവായി ബേപ്പൂർ തുറമുഖത്തേക്ക് ഇതേ കപ്പലിൽ ലോഹമണൽ എത്തിക്കാൻ കപ്പൽക്കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്.


ജർമൻ കണ്ടെയ്നർക്രെയിൻ വഴി ലോഹമണൽ ഇറക്കാൻ തുടങ്ങി. ചരക്ക് ഇറക്കിയശേഷം ശനിയാഴ്ചയോടെ കപ്പൽ ബേപ്പൂർ തുറമുഖം വിടാനാണ് ലക്ഷ്യമിടുന്നതെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് അറിയിച്ചു.

കൂടുതൽ കപ്പലുകൾ ചരക്കുമായെത്തുമ്പോൾ തുറമുഖ വാർഫിൽ അടുക്കാനുള്ള സംവിധാനമില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. സർക്കാർ വാർഫ് സൗകര്യം വിപുലീകരിക്കുന്നതിൽ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തുറമുഖത്തെ സുഗമമായ കയറ്റിറക്കുനീക്കത്തിന് തിരിച്ചടിയുണ്ടാകും. ജിയോളജിക്കൽ സർവേ വകുപ്പിന്റെ പരിശോധനയും അനുമതിയും ലോഹമണൽ ചരക്കുനീക്കത്തിന് അനിവാര്യമാണ്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളും സ്വീകരിച്ചുവരുന്നതായി തുറമുഖാധികൃതർ അറിയിച്ചു.

Post a Comment

0 Comments