സിറ്റി ഗ്യാസ് പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നാളെകൊച്ചി: കേരളത്തിലെ വടക്കന്‍ ജില്ലകളിലേതുള്‍പ്പെടെ രാജ്യത്തെ പുതിയ സിറ്റി ഗ്യാസ് പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ വെബ്കാസ്റ്റ് വഴി ഉദ്ഘാടന ചടങ്ങുകള്‍ അവതരിപ്പിക്കും. അഞ്ചു വര്‍ഷത്തേക്ക് 1200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവിയും ജനറല്‍ മാനേജരുമായ പി.എസ് മണി, ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കേരള മേധാവി അജയ് പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര ഭരണപ്രദേശമായ മാഹിയിലുമാണ് പ്രകൃതിവാതകം വീടുകളില്‍ പൈപ്പു വഴിയെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഈ ജില്ലകളിലെ പദ്ധതി നടത്തിപ്പിന് കരാര്‍ ലഭിച്ചത്. പൈപ്പിടുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കും. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകമാണ് പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്.

കേരളത്തിലെ മൂന്നു ജില്ലകളെ കൂടി സിറ്റി ഗ്യാസ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.എസ് മണി പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതി നിയന്ത്രിക്കുന്ന പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി.എന്‍.ജി.ആര്‍.ബി) വിളിക്കുന്ന പത്താമത്തെ ടെന്‍ഡറിലാണ് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ഇതിനായി ഈ മാസം നാളെ തന്നെ ടെന്‍ഡര്‍ വിളിക്കും.

Post a Comment

0 Comments