![]() |
| ചളി അടിഞ്ഞുകൂടിയ മാമ്പുഴ |
ഒളവണ്ണ: ഒളവണ്ണ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ മാമ്പുഴ ശുചീകരണപ്രവർത്തനം തുടങ്ങി. നാലുഘട്ടങ്ങളിലായി കുറ്റിക്കാട്ടൂർ മുതൽ കുന്നത്തുപാലം വരെയുള്ള മാമ്പുഴയുടെ ഒമ്പത് കിലോമീറ്ററോളം ഭാഗമാണ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമണ്ണ, പെരുവയൽ, ഒളവണ്ണ പഞ്ചായത്തുകളും കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കുപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
3950 മീറ്ററിലെ ആദ്യഘട്ടപ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്. ശരാശരി ഒരടിയോളം ആഴത്തിൽ ചെളിയും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യവും നീക്കംചെയ്യുന്ന പ്രവൃത്തി പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷനടുത്ത് നിന്നാണ് ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃർത്തി ഏറ്റെടുത്ത് നടത്തുന്നത്. മാമ്പുഴ സംരക്ഷണസമിതിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പുഴകൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിനും നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനും അധികൃതർ തയ്യാറായത്. കഴിഞ്ഞ മാർച്ച് നാലിന് കുറ്റിക്കാട്ടൂരിൽ മന്ത്രി ടി. പി. രാമകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നാലുഘട്ടങ്ങളിലായുള്ള നിർദിഷ്ടപദ്ധതി എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നും ഓരോ ഘട്ടത്തിലുമുള്ള കാലതാമസം ഒഴിവാക്കണമെന്നും മാമ്പുഴ സംരക്ഷണസമിതി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ടി.കെ.എ. അസീസ് ആവശ്യപ്പെട്ടു.
വകയിരുത്തിയത് 1 കോടി 78 ലക്ഷം
പെരുമണ്ണ, പെരുവയൽ, ഒളവണ്ണ പഞ്ചായത്തുകൾ- 25 ലക്ഷം, കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകൾ- 25 ലക്ഷം,കോഴിക്കോട് ജില്ലാപഞ്ചായത്ത്- 53 ലക്ഷം എന്നിങ്ങനെ ഒരുകോടി 78 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.


0 Comments