വൈദ്യുതത്തൂണിൽ ചായം പൂശിയാൽ ഇനി പണികിട്ടും


തിരുവനന്തപുരം: വൈദ്യുതത്തൂണിൽ പെയിന്റടിച്ച് പരസ്യമെഴുതുന്നവർക്കെതിരേ നടപടിയുമായി പോലീസും വൈദ്യുതിവകുപ്പും. കേരള പോലീസ് ആക്ട് 120-പ്രകാരം എഴുതുന്നവർക്കെതിരേ കേസെടുക്കാനും 5000- രൂപ വരെ പിഴയീടാക്കാനുമാണ് നീക്കം.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വൈദ്യുതത്തൂണുകളിൽ കയറുന്നതിനിടയിൽ വഴുതിവീണ് ലൈൻമാൻമാർക്ക് അപകടം പറ്റുന്നത് വ്യാപകമായതോടെയാണ് നടപടി. ഇതുസംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ പരാതിപ്രകാരം സംസ്ഥാന സേഫ്റ്റി കമ്മിഷൻ കർശന നടപടിക്ക് ശുപാർശ ചെയ്തിരുന്നു. വൈദ്യുതത്തൂണുകളിൽ പെയിന്റടിച്ച് പരസ്യമോ രാഷ്ട്രീയപ്പാർട്ടികളുടെ ചിഹ്നമോ പരിപാടികളോ എഴുതുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് വൈദ്യുതിബോർഡ് പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാലുകൾ കണ്ടെത്തി അവയുടെ ചിത്രവും വീഡിയോയും ശേഖരിച്ചശേഷമാണ് നടപടിയെടുക്കുക.സ്ഥാപനങ്ങളുടെയാണെങ്കിൽ ഉടമക്കെതിരേയും പാർട്ടികളുടെയാണെങ്കിൽ ആ സ്ഥലത്തെ പ്രാദേശിക നേതാക്കൾക്കെതിരേയുമാണ് നടപടിയുണ്ടാവുക. നേരത്തെ ഒരാൾപ്പൊക്കത്തിൽ മാത്രമായിരുന്നു പെയിന്റടിച്ചിരുന്നതെങ്കിൽ ഇപ്പോൾ വൈദ്യുതത്തൂണിന്റെ പകുതിയോളം ഉയരത്തിൽ പെയിന്റടിച്ച് പരസ്യമെഴുതുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നതായി വൈദ്യുതി വകുപ്പുദ്യോഗസ്ഥർ പറയുന്നു. താഴെമാത്രമാണെങ്കിൽ വീണാലും അത്രവലിയ അപകടം സംഭവിച്ചിരുന്നില്ല. ഇതാണ് നടപടി കർശനമാക്കാൻ കാരണം. ഇതുസംബന്ധിച്ച് രാഷ്ട്രീയപ്പാർട്ടികൾക്ക് നോട്ടീസ് നൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചുകഴിഞ്ഞു

Post a Comment

0 Comments