കോഴിക്കോട്: ജില്ലയുടെ പുതിയ കളക്ടറായി സാംബശിവറാവു ചുമതലയേറ്റു. വ്യാഴാഴ്ച്ച രാവിലെ 10.30 നാണ് അദ്ദേഹം ചുമതലയേറ്റത്. ആന്ധ്രാ വിജയവാഡ സ്വദേശിയായ ഇദ്ദേഹം റിട്ടയേര്‍ഡ് റെയില്‍വേ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ എസ്. വെങ്കിട്ടരമണയുടെയും എസ്.സക്കുഭായിയുടെയും മകനാണ്. 33 കാരനായ സീറാം സാംബശിവറാവു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ കേഡറികള് പരിശീലനം നേടി. വയനാട് സബ് കളക്ടര്‍, ഐടി മിഷന് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെന്നൈ ഐ ഐടിയില്‍ നിന്ന് ബിടെക് ബിരുദം നേടി. ഐടി മിഷന് ഡയറക്ടറായിരിക്കെ പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ നേട്ടങ്ങള്‍ എത്തിക്കുന്നതിന് നേതൃത്വം നല്കി. എഡിഎം റോഷ്നി നാരായണന്, സബ് കളക്ടര്‍ വി. വിഘ്നേശ്വരി, ഡപ്യൂട്ടി കളക്ടര്‍മാരായ സി. ബിജു, സജീവ് ദാമോദരന്‍, കെ. ഹേമ തഹസില്‍ദാര്‍ പ്രേമചന്ദ്രന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കനോലി കനാലുള്പ്പെടെയുള്ള വികസന പദ്ധതികള്‍ തുടരും: കളക്ടര്‍
കനോലികനാലിന്റെ നവീകരണമുള്‍പ്പെടെയുള്ള നല്ല പദ്ധതികളെല്ലാം തുടര്‍ന്നും നടപ്പാക്കുമെന്ന് പുതുതായി ചുമതലയേറ്റ കളക്ടര്‍ സാംബശിവ റാവു. കനോലി കനാല്‍ നവീകരണം പ്രധാനവിഷയം തന്നെയാണ്. കല്ലായിപുഴ കൈയേറ്റവും മിഠായിതെരുവുമായി ബന്ധപ്പെട്ട വിഷയങ്ങളുമെല്ലാം കൂടുതല്‍ പഠിക്കുമെന്നും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസൗഹൃദമായ ഭരണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ജനങ്ങളുമായി അടുപ്പം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് പേടിയില്ലാതെ സമീപിക്കാന്‍ സാധിക്കണം. ഇതിനു വേണ്ടിയാണ് തന്റെ പേരില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ശീറാം സാംബശിവ റാവു എന്ന പേര് ജനങ്ങളുമായുള്ള അടുത്ത ബന്ധത്തിന് തടസമുണ്ടാവുമെന്നതിനാല് സാംബശിവ എന്ന് ചുരുക്കിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ജലം, വൈദ്യുതി, വിദ്യഭ്യാസം തുടങ്ങി മേഖലകളുടെ അടിസ്ഥാന വികസനത്തിനാണ് രണ്ടാമത് പരിഗണനല്കുന്നത്. തൊഴിലവസരം വര്‍ധിപ്പിക്കും വിധത്തില്‍ ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കും. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് കോഴിക്കോടിന്റെ സാധ്യതകളേറെയാണ്. വയനാട് സബ്കളക്ടറായിരിക്കെ ഡിടിപിസിയുടെ ചുമതലയുണ്ടായിരുന്നു. നിരവധി പദ്ധതികള്‍ ഇക്കാലഘട്ടത്തില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. വയനാട് സബ്കളക്ടറായി തുടരുന്നതിനിടെ കോഴിക്കോടുമായും ബന്ധമുണ്ടവയിരുന്നു. ഇക്കോ ടൂറിസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഐടി വികസനവുമായി ബന്ധപ്പെട്ടും കോഴിക്കോടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ഗവണ്മെന്റ് സൈബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതിക്ക് പരിഗണന നല്‍കും. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷകള്‍ നല്കി കാത്തിരിക്കുന്ന രീതിക്ക് പരിഹാരമുണ്ടാക്കും. ഇതിനായി ഇ ഓഫീസ് സംവിധാനം പ്രാവര്‍ത്തികമാക്കും. കസ്റ്റമര്‍ റിലേഷന്‍ യൂണിറ്റ് സ്ഥാപിച്ചാണ് ഇ ഓഫീസ് സംവിധാനം ഒരുക്കുക.
0 Comments