സംസ്ഥാനത്ത് സമഗ്ര പക്ഷാഘാത ചികിത്സാ കേന്ദ്രങ്ങളും പ്രത്യേകം കാത്ത് ലാബുകളും ആരംഭിക്കും- മന്ത്രി കെ.കെ. ശൈലജ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്  മെഡിക്കല്‍ കോളേജുകളിൽ

തിരുവനന്തപുരം:പക്ഷാഘാതം (സ്‌ട്രോക്) ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് 5 കോടി രൂപ വീതം ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റ് ആറിന് ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിലവിലെ സ്‌ട്രോക്ക് യൂണിറ്റ് വിപുലപ്പെടുത്തി സമഗ്ര സ്‌ട്രോക്ക് സെന്ററാക്കും. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ അതിനൂതന സൗകര്യങ്ങളാണ് ഈ സെന്ററില്‍ ഒരുക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സമഗ്ര സ്‌ട്രോക് സെന്ററുകള്‍  ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ലോകത്ത് 80 ദശലക്ഷം ജനങ്ങള്‍ക്ക് സ്‌ട്രോക്ക്പിടിപെട്ടിട്ടുണ്ട്. ഇതില്‍ 50 ദശലക്ഷം പേര്‍ രോഗത്തെ അതിജീവിച്ചെങ്കിലും സ്ഥിരമായ ചില ശാരീരിക വൈകല്യങ്ങള്‍ സംഭവിച്ചു. യഥാസമയം ചികിത്സ ലഭിച്ചാല്‍ സ്‌ട്രോക്കിനെ അതിജീവിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് സ്‌ട്രോക്ക് സെന്ററിലുണ്ടാകുക. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് സ്‌ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക. ഓരോ നിമിഷവും പ്രധാനമായതിനാല്‍ സ്‌ട്രോക്ക് വന്നതായി  സംശയമുണ്ടെങ്കില്‍ ഉടന്‍  വിളിക്കുന്നതിന് ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9946332963 ആണ് തിരുവനന്തപുരം മെഡിക്കല്‍ സ്‌ട്രോക്ക് സെന്ററിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണവും മറ്റും ഡോക്ടര്‍ പറഞ്ഞുതരും. സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങളും ചികിത്സാ ചെലവും വളരെയധികം കുറയ്ക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

Post a Comment

0 Comments