കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം; ലംഘിച്ചാല്‍ മൂവായിരം രൂപ പിഴ



കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം. അനധികൃതമായി നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകള്‍ മൂവായിരം രൂപ പിഴയും നല്‍കേണ്ടി വരും. വിമാനത്താവളത്തിന്റെ കവാടത്തിന് മുന്‍പിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്.



എന്നാല്‍ യാത്രക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും വരുന്ന ഓട്ടോറിക്ഷകള്‍ക്ക് നിരോധനമില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്ലാതെ നിയന്ത്രിത മേഖലയില്‍ പ്രവേശിക്കുകയോ പാര്‍ക്ക് ചെയ്യുകയോ ചെയ്താല്‍ പിഴ നല്‍കേണ്ടിവരും. വിമാനത്താവളത്തിന്റെ കവാടത്തിലും മറ്റു സ്ഥലങ്ങളിലും ഓട്ടോറിക്ഷകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകള്‍ പ്രീ പെയ്ഡ് ടാക്‌സികളെ മറികടന്ന് യാത്രക്കാരെ കൊണ്ടുപോകുന്നതിനെതിരേയും പരാതി ലഭിച്ചിരുന്നു. കരിപ്പൂരില്‍ ഓണ്‍ലൈന്‍ ടാക്‌സി, ഓട്ടോറിക്ഷ തുടങ്ങിയവ യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി തര്‍ക്കം പതിവാണ്. ഇതു കൂടി മുന്നില്‍ കണ്ടാണ് ഓട്ടോറിക്ഷ പാര്‍ക്കിങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Post a Comment

0 Comments