കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി: നടപ്പാക്കാമെന്ന് സമിതിയുടെ റിപ്പോർട്ട്




തിരുവനന്തപുരം:കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി സാമ്പത്തികമായി ലാഭകരമാകില്ലെങ്കിലും ഭാവിയിലെ ആവശ്യകത മുൻനിർത്തി നടപ്പാക്കാമെന്നു സർക്കാർ നിയോഗിച്ച വകുപ്പു മേധാവികളുടെ സമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡിന്റെ ബോർഡ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉടൻ ചേരും. പദ്ധതിയുമായി മുന്നോട്ടുപോകാൻ ബോർഡ് തീരുമാനിച്ചാൽ മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തോടെ കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കായി സമർപ്പിക്കും. ധനവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി വി.കമലവർധനറാവു, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ആദ്യവർഷങ്ങളിൽ വലിയ നഷ്ടം 

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നിർമിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ 7500 കോടി രൂപ ചെലവുവരും. രണ്ടിടത്തും യാത്രക്കാരിൽനിന്നു ലഭിക്കുന്ന വരുമാനത്തിലൂടെ പദ്ധതി ലാഭകരമാക്കാനാകില്ല. ആദ്യവർഷങ്ങളിൽ വലിയ നഷ്ടം സഹിക്കേണ്ടിവരും. കൊച്ചി മെട്രോയിൽ പ്രതിദിനം 75,000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്ത് അതിന്റെ പകുതി യാത്രക്കാർ മാത്രമേ ഇപ്പോഴുള്ളൂ. തിരുവനന്തപുരത്തു പ്രതിദിനം പരമാവധി 17,000 യാത്രക്കാരെ മാത്രമേ പ്രതീക്ഷിക്കാനാകൂ.

കോഴിക്കോട്ട് ഇത് 15,000-ൽ താഴെയാണ്. മെട്രോ സ്റ്റേഷനുകളുടെ വികസനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചും ടിക്കറ്റിതര വരുമാനമാർഗങ്ങൾ കണ്ടെത്തിയും നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനാകും. ഏറ്റവും കുറഞ്ഞ പലിശനിരക്കിലുള്ള വിദേശവായ്പയും തേടണം. പൊതുഗതാഗത സംവിധാനം വികസിപ്പിക്കുമ്പോൾ ലാഭം പരിഗണിക്കരുത്. ഭാവിയിൽ ഇരു നഗരങ്ങളിലുമുണ്ടാകാവുന്ന വികസനത്തിന് ലൈറ്റ് മെട്രോ സഹായകമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2011-ൽ ചർച്ചകൾ ആരംഭിച്ച് എട്ടു വർഷം പിന്നിട്ടു. ഇനിയെന്ന്...?

കേന്ദ്ര സർക്കാരിന്റെ പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിലാണു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ രൂപരേഖ പുതുക്കി നൽകിയത്. സ്വകാര്യ പങ്കാളിത്തത്തിനു പുതിയ രൂപരേഖയിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കാനാണ് സർക്കാർ ധന, പൊതുമരാമത്ത്, ഗതാഗത വകുപ്പുമേധാവികളുടെ വിദഗ്ധസമിതിയെ നിയമിച്ചത്. സമിതി ആദ്യയോഗം മാർച്ചിൽ ചേർന്നെങ്കിലും പിന്നീടു നടപടികൾ എട്ടു മാസം നീണ്ടു. സർക്കാർ രൂപരേഖയ്ക്ക് അംഗീകാരം നൽകുന്നില്ലെന്നാരോപിച്ച് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പദ്ധതിയിൽനിന്നു പിന്മാറിയിരുന്നു. പദ്ധതിക്കുവേണ്ടി തിരുവനന്തപുരത്തും കോഴിക്കോട്ടും തുടങ്ങിയ ഓഫിസുകളും ഡിഎംആർസി പൂട്ടി.

പദ്ധതി ഇനിയും നീളും

കെആർടിഎൽ ബോർഡ് യോഗം റിപ്പോർട്ട് അംഗീകരിച്ചാലും വീണ്ടും സർക്കാരിലേക്കു പോകണം. പൊതുമരാമത്ത് വകുപ്പ് ആണു ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കേണ്ടത്. മന്ത്രിസഭ അംഗീകരിച്ചാൽ കേന്ദ്ര സർക്കാരിനു സമർപ്പിക്കണം. കേന്ദ്ര സർക്കാർ തീരുമാനമറിയാൻ വീണ്ടും മാസങ്ങളെടുക്കും. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഈ കാലയളവ് വീണ്ടും വർധിക്കാനുമിടയുണ്ട്. കേന്ദ്ര സർക്കാർ ധനസഹായം നൽകിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നു മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. 20% വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാക്കി 60% വിദേശവായ്പ വഴിയും കണ്ടെത്താമെന്ന നിർദേശമാണ് ഇ.ശ്രീധരൻ മുന്നോട്ടുവച്ചിരുന്നത്. ഇതുപ്രകാരം കേന്ദ്ര സർക്കാർ 1500 കോടി രൂപയെങ്കിലും നൽകണം.

Post a Comment

0 Comments