കോഴിക്കോട്:വ്യാപാര രംഗത്തെ സമൃദ്ധി കോഴിക്കോടിന് സമ്മാനിച്ചത് ഗുജറാത്തികള്‍ തിങ്ങിനിറഞ്ഞ ഒരു തെരുവാണ്. എന്നാലിന്ന് കച്ചവടത്തിലെ തകര്‍ച്ച ഈ തെരുവിന്റെ പേരിനും പെരുമയ്ക്കും മങ്ങലേല്‍പ്പിക്കുന്നു. മിഠായിത്തെരുവിനു പിന്നാലെ ഈ തെരുവും നവീകരിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ഇതുവരെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോടിന്റെ മണ്ണിലേക്കു വന്നു ചേര്‍ന്നവരാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലുള്ളവര്‍. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവരിന്ന് കോഴിക്കോടിന്റെ ഭാഗമായി കഴിഞ്ഞു. ലോക സഞ്ചാരികളും യൂറോപ്യന്‍മാരും ഗാമയുമൊക്കെ കോഴിക്കോട്ടെത്തും മുമ്പ് ഇവിടെയെത്തിയ അന്യനാട്ടുകാരാണ് ഗുജറാത്തികള്‍. 1948-ല്‍ വാസ്‌ഗോഡ ഗാമ കാപ്പാട് എത്തിയപ്പോള്‍ അദ്ദേഹത്തെ ഒരു ഗുജറാത്തിയാണ് സ്വീകരിച്ചതെന്ന് കോഴിക്കോടന്‍ ചരിത്രങ്ങളില്‍ത്തന്നെ പറയുന്നുണ്ട്. കോഴിക്കോട് നഗരവുമായി അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു ഗുജറാത്തികള്‍ എന്നു പറയാം. വലിയങ്ങാടിക്കടുത്തുള്ള തൃക്കോവില്‍ ലൈയ്‌നിലെ ജൈനക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യകാലങ്ങളിലെ ഇവരുടെ താമസം. അക്കാലത്തുതന്നെ അവരിവിടെ വിവിധ തരത്തിലുള്ള വ്യാപാരങ്ങളും തുടങ്ങിയിരുന്നു. ഗുജറാത്തികളെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചതു തന്നെ ഇവിടെയുള്ള വ്യാപാരരംഗത്തെ മുന്നേറ്റങ്ങളാണ്. വലിയങ്ങാടി അവര്‍ക്ക് മാത്രമായുള്ള ഒരു വ്യാപാര കേന്ദ്രം എന്നു തന്നെ പറയാവുന്ന രീതിയിലായിരുന്നു അക്കാലത്ത് ഇക്കൂട്ടരുടെ കച്ചവടം നടന്നത്.
കോഴിക്കോട്ടങ്ങാടിയുമായി ഗുജറാത്തികള്‍ക്കുള്ള വ്യാപാര ബന്ധത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും അവര്‍ ഇവിടേക്ക് സ്ഥിര താമസമാക്കിയിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. വ്യാപാര വിപണന രംഗത്തെ സമൃദ്ധിയും സുരക്ഷിതത്വവുമൊക്കെയാണ് ഗുജറാത്തികളെ ഇവിടെ സ്ഥിരമായി താമസമുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അന്ന് പല ഗുജറാത്തികള്‍ക്കും സ്വന്തമായി ചരക്കുകപ്പലുകള്‍ വരെ ഉണ്ടായിരുന്നു.
I Calicut @Gujarati Street |
ഇവിടെ നിന്നും കുരുമുളകും നാളികേരവും ചൂടിയും മരത്തടികളും ഒക്കെ മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ഗുജറാത്തികളാണ്. അവരില്‍ ചുരുക്കം ചിലര്‍ ഇന്നും വലിയങ്ങാടിയിലുണ്ട്. അതില്‍ പ്രധാനിയാണ് വിജയ് സിംഗ്. അരിയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന കച്ചവടം. ആദ്യകാലങ്ങളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നും കയറ്റിയയ്ക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്ത വിജയ് സിംഗിന് വലിയങ്ങാടിയുടെ പ്രതാപകാലത്തെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഏതു പാതിരാത്രിയിലും വലിയങ്ങാടിയുടെ നിരത്തിലൂടെ കോഴിക്കോട്ടു കടപ്പുറത്തേക്ക് ഒരു സ്ത്രീക്ക് ഭയമില്ലാതെ ഒറ്റയ്ക്ക് നടന്നു പോകാമായിരുന്നു എന്നാതാണ് അതില്‍ പ്രധാന കാര്യം. കോഴിക്കോട് തുറമുഖം ഇല്ലാതായതോടെയാണ് വലിയങ്ങാടിയുടെ പ്രതാപത്തിനും മങ്ങലേറ്റത്. ഗുജറാത്തികള്‍ പോയിട്ട് ചുരുക്കം ചില ആളുകള്‍ മാത്രമാണ് വലിയങ്ങാടിയില്‍ കച്ചവടക്കാരായി ഇപ്പോഴുള്ളത്. ആദ്യകാലങ്ങളില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വലിയങ്ങാടി റോഡിലൂടെ നടന്നാല്‍ കിട്ടുമായിരുന്നെന്ന് വിജയ് സിംഗ് പറയുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികളെല്ലാം വൈറ്റ് കോളര്‍ ജോലി അന്വേഷിച്ചു പോകുന്നതു കാരണം കച്ചവട പാരമ്പര്യം തങ്ങളില്‍ മാത്രമായി ഒതുങ്ങി പോവുകയാണ്. ചുമട്ടിറക്കു തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണിപ്പോള്‍. ഇപ്പോള്‍ വലിയങ്ങാടിയിലെ ഓരോ കടയിലെയും ജോലിക്കാര്‍ മുഴുവനും ബംഗാളികളാണ്. കുറഞ്ഞ വേതനത്തില്‍ ജോലി എടുക്കാന്‍ അവര്‍ തയാറാണെന്നതാണ് ഗുജറാത്തികള്‍ ഇവരെ ജോലിക്കു വെക്കാനുള്ള മുഖ്യകാരണം, വിജയ് സിംഗ് പറഞ്ഞു.
ഗുജറാത്തി സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട് വന്ന പത്രറിപ്പോർട്ടുകൾ |
ആദ്യകാലത്ത് ഗുജറാത്തി സ്ട്രീറ്റില്‍ നിറയെ പണ്ടികശാലകള്‍ ആയിരുന്നു, മുകളില്‍ താമസവും താഴെ പണ്ടികശാലയും എന്ന രീതിയിലായിരുന്നു അക്കാലത്ത് തെരുവുകള്‍. മൂവായിരത്തോളം ആളുകളാണ് അന്ന് സ്ട്രീറ്റില്‍ തമസക്കാരായി ഉണ്ടായിരുന്നത്. 400 ഓളം കുടുംബങ്ങള്‍ ഇന്നു ചുരുങ്ങി ഏകദേശം 200 താഴെയെത്തിനില്‍ക്കുകയാണ്. വലിയങ്ങാടിയുടെ വ്യാപാര രംഗത്തെ തകര്‍ച്ചയാണ് ഗുജറാത്തികള്‍ ഇവിടെ നിന്നും വിട്ടുപോകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. എങ്കിലും ബാക്കിയുള്ളവര്‍ ഇന്നും കോഴിക്കോടിന്റെ മണ്ണില്‍ അവരുടേതായ രീതിയിലും ശൈലിയിലുമൊക്കെ ജീവിക്കുകയാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരിന്നും സ്വന്തം ജീവിത ശൈലിയില്‍ മാറ്റം വരുത്താതെ മലയാള മണ്ണില്‍ തുടരുകയാണ്. ആചാരങ്ങളിലും ഭക്ഷണരീതികളിലും വസ്ത്രങ്ങളിലുമൊക്കെ അവരിപ്പോഴും ഗുജറാത്തികള്‍ തന്നെ. തനി ഉത്തരേന്ത്യന്‍ ജീവിതം. ഇവര്‍ക്കു മാത്രമായി രണ്ട് ക്ഷേത്രങ്ങളും ഗുജറാത്തി സ്ട്രീറ്റില്‍ ഉണ്ട്. ഇവിടെയുള്ളവരില്‍ വൈഷ്ണവര്‍, പട്ടേല, ബ്രാഹ്മിന്‍, ഭാട്ടിയ, എന്നിങ്ങനെ നീണ്ടനിരകളുണ്ട്. ഉത്തരേന്ത്യന്‍ ആഘോഷങ്ങളെല്ലാം ഗുജറാത്തി സട്രീറ്റിലും പതിവ് കാഴ്ചയാണ്. ഹോളി, ദീപാവലി എന്നിവ കോഴിക്കോട്ടുകാര്‍ക്കും ഗുജറാത്തികള്‍ക്കൊപ്പം ചേര്‍ന്നുള്ള ആഘോഷമാണ്. അന്ന് വിവിധ മധുര പലഹാരങ്ങള്‍ കൊണ്ട് നഗരം നിറയും. എരിവിനേക്കാളും പുളിയേക്കാളും ഗുജറാത്തികള്‍ക്കിഷ്ടം മധുരത്തോടാണ്. ഒരു പൊടി കൊണ്ടു തന്നെ അമ്പതോളം മധുരവിഭവങ്ങള്‍ ഉണ്ടാക്കുന്നവരാണ് ഗുജറാത്തി സ്ട്രീറ്റിലുള്ള ആളുകള്‍.മറുനാട്ടില്‍ നിന്നും മലയാളക്കരയിലെത്തി കോഴിക്കോടിന്റെ മണ്ണില്‍ ജീവിതം ഉറപ്പിച്ച ഗുജറാത്തികള്‍ ഇന്ന് കോഴിക്കോടിന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. അവരുടെ സംസ്‌കാരികശൈലി തെല്ലും കൈവിടാതെ കേരളത്തില്‍ വേരുകള്‍ ഉറപ്പിക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഏത് നാട്ടില്‍ പോയാലും ജന്മനാടും പൈതൃകവും സംസ്‌കാരവും മറക്കാന്‍ ഗുജറാത്തികള്‍ തയാറാവാറില്ല. കോഴിക്കോട് ഇന്ന് ഒരു പ്രദേശം തന്നെ അവരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ക്കു മാത്രമായി അമ്പലങ്ങള്‍, സ്‌കൂളുകള്‍, കടകള്‍ എല്ലാം ഇന്ന് കോഴിക്കോടുണ്ട്.
0 Comments