സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഒന്നാം സ്ഥാനം ആർക്ക്; കോഴിക്കോട് പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം



ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന മണിക്കൂറുകളിൽ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ തൊട്ടുപ്പിന്നാലെ കോഴിക്കോടും. 88% മത്സരങ്ങൾ അവസാനിച്ചപ്പോൾ 832 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. തൊട്ടുപിന്നില്‍ തന്നെ കോഴിക്കോട് ജില്ലയുണ്ട്, 830 പോയിന്റ്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇപ്പോള്‍ യഥാക്രമം കണ്ണൂർ (805), തൃശൂർ (803), മലപ്പുറം (791) എന്നിങ്ങനെയാണ്. ഇടുക്കി ജില്ലതന്നെയാണ് ഇപ്പോഴും ഏറ്റവും പിന്നില്‍. 628 പോയിന്റാണ് ഇടുക്കിയുടെ സമ്പാദ്യം.




അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർക്കോട്


അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയൊരുക്കുന്നത് കാസര്‍ക്കോട് ജില്ലയെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. നാലു ദിവസമാവും മത്സരങ്ങള്‍ നടത്തുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇത് രണ്ടാം തവണയാണ് കാസർക്കോട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്കൂൾ കലോത്സവത്തിന്റെ ആതിഥേയരാവുന്നത്. 1991ലാണ് മേളയ്ക്ക് കലോത്സവം അവസാനമായി വേദിയായത്. പ്രളയം കാരണം യുവജനോത്സവം ആലപ്പുഴയിൽ നിന്ന് മാറ്റണം എന്ന നിർദേശം ഉയർന്നപ്പോൾ മേള സംഘടിപ്പിക്കാൻ കാസർക്കോട് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചെലവ് ചുരുക്കി മേള ആലപ്പുഴയിൽ തന്നെ നടത്തുകയായിരുന്നു.

കാസര്‍ക്കോട് കലോത്സവത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കലോത്സവ ദിനങ്ങള്‍ പരമാവധി രണ്ടുദിവസമാക്കി ചുരുക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മത്സരദിനങ്ങള്‍ പഴയതുപോലെ വേണമെന്നാണ് പിന്നീട് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളെന്നാണ് വിവരം. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇത്തവണ ഒഴിവാക്കിയിരുന്നു. അഞ്ചുദിവസമായിരുന്ന കലോത്സവ ദിനങ്ങള്‍ മൂന്നു ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തു. വേദികളുടെ എണ്ണവും വര്‍ധിച്ചതിന് പുറമെ ഇത്തവണ പുരസ്‌കാര വിതരണവും ഒഴിവാക്കിയിരുന്നു

Post a Comment

0 Comments