കേരളത്തിലെ ആദ്യ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു

കുന്ദമംഗലത്ത് സ്ഥാപിക്കുന്ന 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കുന്നു

കുന്ദമംഗലം: വൈദ്യുതി പ്രസരണ ശൃഖല ശക്തിപ്പെടുത്തി 24 മണിക്കൂറും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനായി കുന്ദമംഗലത്തു സ്ഥാപിക്കുന്ന 220 കെ.വി ഒാട്ടോമാറ്റഡ് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും സംയുക്ത പദ്ധതിയായ ട്രാന്‍സ്ഗ്രിഡ് 2.0 ന്റെ ഭാഗമായാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.



ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് എല്ലാ ഭാഗത്തേക്കും വൈദ്യുതി എത്തിക്കുന്ന 220 കെ.വി ലൈനുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് കുറവിനു പരിഹാരമാകും. 9,715 കോടി രൂപ ചെലവു വരുന്ന പദ്ധതി രണ്ടു ഘട്ടമായാണ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5,623 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 4,092 കോടി രൂപയുമാണ് ചെലവ്. ഇപ്പോള്‍ ശരാശരി 2,900 മെഗാവാട്ട് വൈദ്യുതിയാണ് കേരളം പുറത്തുനിന്ന് വാങ്ങുന്നത്. അതു 2022ല്‍ 4000 മെഗാവാട്ട് ആകുമെന്നാണ് കണക്കാക്കുന്നത്. അത്രയും വൈദ്യുതി തടസമില്ലാതെ കൊണ്ടുപോകുന്നതിനു പ്രസരണശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രസരണ ശൃംഖലയിലെ നാല് 400 കെ.വി, ഇരുപത്തിനാല് 220 കെ.വി സബ് സ്റ്റേഷനുകളും അനുബന്ധമായി 4,500 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനുകളുമാണ് കൂട്ടിച്ചേര്‍ക്കുന്നത്. പ്രസരണ ശൃംഖലയുടെ നഷ്ടം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കുന്ദമംഗലത്ത് 110 കെ.വി സബ് സ്റ്റേഷന്‍ കോംപൗണ്ടില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് നിര്‍മിക്കുന്നത്. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Post a Comment

0 Comments