കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം: കരട് മാസ്റ്റർ പ്ലാനിന് ട്രസ്റ്റ് യോഗത്തിന്റെ അംഗീകാരം


കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ട്രസ്റ്റ് യോഗത്തിന്റെ അംഗീകാരം. സേലം ആസ്ഥാനമായുള്ള മുകേഷ് അസോസിയേറ്റ്‌സാണ് മാസ്റ്റർ പ്ലാനും ഡി.പി.ആറും തയ്യാറാക്കിയിരിക്കുന്നത്. 20-ന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ എന്നിവർ അടങ്ങുന്ന ഉന്നതസമിതി യോഗത്തിൽ പ്ലാൻ അവതരിപ്പിക്കും.



400 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. 100 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. 120 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും അവരുടെ കൂട്ടിരിപ്പുക്കാർക്കുള്ള സൗകര്യവും ഔട്ട് പേഷ്യന്റ് വിഭാഗക്കാർക്കുള്ള സൗകര്യവും ഉൾപ്പെടുത്തിയുള്ള മൂന്നുനില കെട്ടിടവും ഓഫീസ് പ്രവർത്തനങ്ങൾക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവുമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്. പഴയ കെട്ടിടത്തിന്റെ നവീകരണവും ഇതിൽ ഉൾപ്പെടും. മികച്ച ഹാളുകളും ഹൃദ്യമായ അന്തരീക്ഷവും ആശുപത്രിയിൽ ഒരുക്കും.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനസികാരോഗ്യ ചികിത്സാ ഗവേഷണ സ്ഥാപനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആധുനിക രീതിയിലുള്ള വാർഡ്, അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ്‌ റിസർച്ച് സെന്റർ, കൗമാരക്കാരുടെ പഠനവൈകല്യം കണ്ടെത്താനുള്ള ഇടം എന്നിവയെല്ലാം പദ്ധതി പൂർണമാകുന്നതോടെ സജ്ജീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വി.കെ.സി. മമ്മദ്കോയ എം.എൽ.എ., അഡീഷണൽ ഡി.എം.ഒ. എസ്.എൻ. രവികുമാർ, എ.ഡി.എം. റോഷ്‌നി നാരായണൻ, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments