കോഴിക്കോട് നഗരത്തിൽ പേ പാർക്കിങ്ങിന് സ്ഥലം തേടുന്നു


കോഴിക്കോട്:നഗരത്തിൽ പണം നൽകിയുള്ള പാർക്കിങ്ങിന് സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധതയുള്ളവരെ തേടി കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചു. നഗരത്തിൽ വാഹനങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സ്വകാര്യ ഭൂമി പാർക്കിങ്ങിനായി ലഭ്യമാക്കാൻ തീരുമാനിച്ചത്.നഗരത്തിനു വേണ്ടി രൂപപ്പെടുത്തിയ പാർക്കിങ് നയത്തിൽ നിർദേശിച്ച തരത്തിൽ കോർപറേഷൻ നിശ്ചയിക്കുന്ന നിരക്ക് ഓരോ മേഖലയിലും സ്ഥല ഉടമയ്ക്ക് ഈടാക്കാം. ദേശീയപാത, സംസ്ഥാനപാത, പ്രധാന ജില്ലാ റോഡ് എന്നിവയുടെ അരികിലോ പ്രധാന ബിസിനസ് കേന്ദ്രങ്ങൾക്കു സമീപമോ ഏറ്റവും കുറഞ്ഞത് 50 സെന്റ് സ്വന്തമായുള്ളവർക്ക് താൽപര്യപത്രം സമർപ്പിക്കാം. വ്യക്തിപരമായോ സംഘമായോ പങ്കെടുക്കാം. ജനുവരി 14, ഉച്ചകഴിഞ്ഞ് 3 വരെയാണു സമയം. വിവരങ്ങൾക്ക്: www.tender.lsgkerala.gov.in.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...3 വർഷത്തേക്കായിരിക്കും കരാർ. യാത്രാവാഹനങ്ങളുടെ പാർക്കിങ്ങാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കോർപറേഷനിൽ നിശ്ചിത തുക ലൈസൻസ് ഫീസായി നൽകണം. പാർക്കിങ് ഫീസ് പൂർണമായും ഉടമയ്ക്കാണ്. 24 മണിക്കൂർ നടത്തിപ്പ് ചുമതലയും ഉടമയ്ക്കു തന്നെ. നിലവിൽ നഗരത്തിൽ 10 സ്ഥലങ്ങളിൽ സ്വകാര്യവ്യക്തികൾ പണം വാങ്ങി പാർക്കിങ് സൗകര്യം നൽകുന്നുണ്ട്.

മുനിസിപ്പൽ നിയമത്തിലെ വണ്ടിത്താവളങ്ങളുടെ പരിപാലന ചട്ടങ്ങൾ അനുസരിച്ചാണ് കോർപറേഷൻ പാർക്കിങ് സ്ഥലങ്ങൾക്കു ലൈസൻസ് നൽകുന്നത്. നഗരത്തിലെ തിരക്കേറിയ വഴിയോരങ്ങളിൽത്തന്നെ പാർക്ക് ചെയ്യേണ്ടി വരുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇതിനു പരിഹാരമായി പാർക്കിങ്ങിനു സ്വകാര്യസ്ഥലം കണ്ടെത്തുകയെന്നത് പാർക്കിങ് നയത്തിലെ മുഖ്യശുപാർശകളിലൊന്നാണ്.

നഗരത്തിനു പ്രതീക്ഷയായി പാർക്കിങ് പ്ലാസകൾ


പാർക്കിങ് പ്രശ്നം രൂപക്ഷമായ നഗരത്തിന് പ്രതീക്ഷ നൽകിയാണ് കോർപറേഷൻ ബഹുതല പാർക്കിങ് പ്ലാസകൾക്കു പദ്ധതിയിട്ടത്. കോർപറേഷനു ലഭ്യമായ സ്ഥലത്ത് ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി. ഇതനുസരിച്ച് ലിങ്ക് റോഡിൽ നിർമാണത്തിലിരിക്കുന്ന പ്ലാസയിൽ 90 കാറുകൾക്കും 25 ഇരുചക്രവാഹനങ്ങൾക്കും സൗകര്യമുണ്ട്. ഇതിനകം ഏറെ വൈകിയ പാർക്കിങ് സമുച്ചയം 2019-ൽ പ്രവർത്തനക്ഷമമാകുമെന്നാണു പ്രതീക്ഷ.

കിഡ്സൺ കോർണറിലും സ്റ്റേഡിയത്തിനു സമീപവുമാണ് മറ്റു രണ്ടെണ്ണം തീരുമാനിച്ചിരിക്കുന്നത്. ഇതിൽ കിഡ്സൺ കോർണറിലേതിൽ 290 കാറുകൾ പാർക്ക് ചെയ്യാം. ഇത്തരം 2 യൂണിറ്റുകളാണ് സ്റ്റേഡിയം പ്ലാസയിൽ ഉദ്ദേശിക്കുന്നത്. മൊത്തം 580 കാറുകൾ. 200 ഇരുചക്രവാഹനങ്ങൾവീതം പാർക്ക് ചെയ്യാൻ സൗകര്യമുള്ള 4 യൂണിറ്റുകളും സ്റ്റേഡിയം പ്ലാസയിലുണ്ട്.

രണ്ടുപദ്ധതികളുടെയും കൺസൽറ്റന്റായി സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡവലപ്മെന്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കിഡ്സൺ കോർണറിലെ കോർപറേഷന്റെ കെട്ടിടം പൊളിച്ചുനീക്കിയാണ് പാർക്കിങ് സൗകര്യമൊരുക്കുന്നത്. ഇതോടെ കിഡ്സൺ കോർണർ മുതൽ കോംട്രസ്റ്റ് മതിലിനോടു ചേർന്നുള്ള അനധികൃത പാർക്കിങ് ഒഴിവാകുമെന്നാണു പ്രതീക്ഷ.

പരിഹാരം തേടി ലോറി പാർക്കിങ്


നഗരത്തിലേക്കെത്തുന്ന ലോറികൾ പാർക്ക് ചെയ്യാനും സ്ഥലം കണ്ടെത്തണമെന്നത് നഗരവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ്. സൗത്ത് ബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിങ്ങിനെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ലോറി പാർക്കിങ്ങിന് സ്ഥലം ലഭ്യമാക്കാനും താൽപര്യപത്രം ക്ഷണിക്കാൻ കോർപറേഷനു പദ്ധതിയുണ്ട്. വെസ്റ്റ്ഹില്ലിനും ബൈപാസിനു സമീപത്തും ലോറി ടെർമിനലുകൾ സ്ഥാപിക്കാൻ നേരത്തേ പദ്ധതിയിട്ടിരുന്നു.

Post a Comment

0 Comments