ചക്കിട്ടപാറ:പഞ്ചായത്ത് മേഖലയിൽ അനധികൃതമായി പന്നിഫാമുകൾ പ്രവർത്തിക്കുന്നതായി പന്നിക്കോട്ടൂർ പിഎച്ച്സി മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട്. കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അംഗം രാജൻ വർക്കി നൽകിയ പരാതിക്കു മറുപടിയായാണു റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചത്. പഞ്ചായത്തിലെ 1 മുതൽ 8 വരെയുള്ള വാർഡുകളിൽ പ്രവർത്തിക്കുന്ന 11 ഫാമുകൾക്കും ലൈസൻസില്ല. നടപടിക്കായി 2018 മാർച്ച് 28 ന് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.
മേയ് 30 ന് ആരോഗ്യവകുപ്പ് വീണ്ടും പരിശോധന നടത്തി പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചു. മാർച്ച് 7 ന് നടത്തിയ പരിശോധനയിൽ ലൈസൻസ് എടുത്ത ശേഷം മാത്രമേ ഫാമുകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നു ഉടമകൾക്ക് നിർദേശവും നൽകിയിരുന്നു. ഇത് പാലിക്കാത്തതിനു നടപടിക്കായി പഞ്ചായത്തിന് റിപ്പോർട്ട് നൽകി. പന്നിഫാമുള്ള മേഖലയിൽ കഴിഞ്ഞ വർഷം മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.
| കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
ടൈഫോയ്‌ഡ് ഉൾപ്പെടെ ജലജന്യ രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അനധികൃത പന്നിഫാമുകൾക്കെതിരെ പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി പരാതിയുണ്ട്. പൂഴിത്തോട് പ്രദേശത്ത് പുതിയ പന്നിഫാമുകൾ തുറക്കാനുള്ള നീക്കവും ആരംഭിച്ചു. ഫാമുകളിലെ ദുർഗന്ധം സമീപവാസികൾക്കു ദുരിതമായിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണിയുമുണ്ട്.


0 Comments