ക്ലിക്കായി പോലീസിന്റെ ക്ലിക്ക് ആൻഡ് സെൻഡ്; രണ്ട് ആഴ്ച്ചക്കിടെ ലഭിച്ചത് 1200 നിയമലംഘനങ്ങൾ



കോഴിക്കോട്:ട്രാഫിക് പോലീസിന്റെ ക്ലിക്ക് ആൻഡ് സെൻഡ് ഏറ്റെടുത്ത് ജനങ്ങൾ. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പോലീസിന് വാട്സാപ്പ് ചെയ്ത് കൊടുക്കുന്നതാണ് ക്ലിക്ക് ആൻഡ് സെൻഡ്‌ പദ്ധതി. 14 ദിവസംകൊണ്ട് 1200 നിയമലംഘനങ്ങളാണ് വാട്‌സാപ്പിലൂടെ ലഭിച്ചത്. വർധിച്ചുവരുന്ന ട്രാഫിക് നിയമലംഘനങ്ങൾ തടയാനും നടപടി സ്വീകരിക്കാനും വേണ്ടിയാണ് പുതിയ പദ്ധതി ട്രാഫിക് പോലീസ് ആവിഷ്കരിച്ചത്.



ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി അയച്ചുകൊടുത്ത മൂന്നുപേർക്ക് സിറ്റി പോലീസ് കമ്മിഷണർ കെ. സഞ്ജയ് കുമാർ ഗുരുദീൻ സർട്ടിഫിക്കറ്റുകൾ നൽകി. രാമനാട്ടുകര സ്വദേശി പി.സി. അനുരാജ്, ഇരിങ്ങല്ലൂർ സ്വദേശി ബിനിൽ ലാൽ, ചാലിയം ഉമ്പിച്ചി ഹാജി സ്കൂളധ്യാപിക ബിന്ദു രാജൻ എന്നിവർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്.

നഗരത്തിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് പ്രധാനപ്പെട്ട ആറ് നിർദേശങ്ങളാണ് ബിന്ദുരാജൻ നൽകിയത്. ബസുകളുടെ ചവിട്ടുപടികളുടെ ഉയരം കുറയ്ക്കണമെന്നും യാത്രികർ കയറുമ്പോഴും ഇറങ്ങുമ്പോഴും ക്ലീനർമാർ റോഡിലേക്ക് ഇറങ്ങിനിൽക്കുന്നില്ലെന്നും ബിന്ദുരാജൻ ചൂണ്ടിക്കാട്ടി. റെയിൽവേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിൽ രാത്രി സമയങ്ങളിൽ ഓട്ടോ ഡ്രൈവർ ഇന്റർവ്യൂ ചെയ്താണ് ആളുകളെ കയറ്റുന്നതെന്നും ബിന്ദുരാജൻ നൽകിയ പരാതിയിൽ പറയുന്നു. വാട്സാപ്പിലൂടെ അയച്ചുകിട്ടിയ പരാതികളിൽ നിന്ന് 50,000 രൂപ പിഴ ചുമത്തി. നിരവധിപേരുടെ ൈലസൻസ് റദ്ദാക്കാനും നിർദേശമുണ്ടെന്നും ട്രാഫിക് സി.ഐ. ടി.പി. ശ്രീജിത്ത് പറഞ്ഞു.

നിയമലംഘനങ്ങൾ കണ്ടാൽ ഫോട്ടോ, സ്ഥലം, ദിവസം, സമയം എന്നിവയടക്കം 6238488686 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്ക് ആഴ്ചകൾതോറും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വാട്‌സാപ്പ് കൈകാര്യം ചെയ്യുന്നതിനായി രണ്ടുപോലീസുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി നടപ്പാക്കിയ സീറോ അവറിലൂടെ അയ്യായിരം പേർക്ക് ബോധവത്കരണ ക്ലാസും നൽകി.

Post a Comment

0 Comments