രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ സംഘം എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ. രണ്ട് വിദ്യാർത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. 9-ന് രാത്രി 12 മണിയോടെ രാമനാട്ടുകര മേൽപ്പാലത്തിലാണ് സംഭവം.
മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാർത്ഥികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ– ദേശീപാതയിലൂടെ കാറിൽ യാത്ര ചെയ്ത വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാർത്ഥികൾ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവിൽ മേൽപ്പാലത്തിൽ എത്തിയപ്പോൾ എയർഗൺ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിർത്തു.
ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാർത്ഥികൾ യാത്ര ചെയ്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണാണ് ഇവർ ഉപയോഗിച്ചത്. സംഭവശേഷം നിർത്താതെ പോയ ബസ് , പൊലീസ് പിന്നീട് കണ്ടെത്തി. എന്നാൽ നാശനഷ്ടമോ ആളപായമോ ഇല്ലാത്തതിനാൽ പരാതിയില്ലെന്ന് ഇവർ അറിയിച്ചതായി ഫറോക്ക് പൊലീസ് പറഞ്ഞു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments