പണിതിട്ടും തീരാതെ കൊയിലാണ്ടി ഹാർബർ നിർമാണംകോഴിക്കോട്:കൊയിലാണ്ടി മീൻപിടിത്ത തുറമുഖത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ ഇഴയുന്നു. വാർഫിൽ മണൽ നിറയ്ക്കുന്ന പ്രവൃത്തി പൂർത്തിയായി.ലേലഹാളിന്റെ നിർമാണത്തിലെ പിഴവുകൾ പരിഹരിച്ചെങ്കിലും മറ്റു പണികൾ പാതിവഴിയിലാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങൾ അടുപ്പിക്കാൻ ചെറിയ ജെട്ടി നിർമിക്കുമെന്ന വാഗ്ദാനം പാലിച്ചിട്ടില്ല. ബോട്ടുകൾ കയറ്റേണ്ട ബേസിനകത്തെ ആഴം കൂട്ടാനുള്ള പണിയും തുടങ്ങിയിട്ടില്ല. ഇവിടെ നേരത്തെ 80 ലക്ഷം രൂപ ചെലവിട്ട് ട്രഞ്ചിങ് നടത്തിയതാണ്. 3 മീറ്റർ ആഴം ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ആഴം 1 മീറ്ററായി ചുരുങ്ങി. തുറമുഖത്തിന്റെ ആവശ്യത്തിനായി ഇന്ധനപമ്പ് സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല.കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണ് തുറമുഖ നിർമാണം. നേരത്തേ 35.45 കോടി രൂപയായിരുന്നു പദ്ധതിയുടെ എസ്റ്റിമേറ്റ്. പിന്നീട് 63.99 കോടി രൂപയായി പുതുക്കി. 60 മീറ്റർ നീളമുള്ള മൂന്ന് വാർഫുകളാണ് ഹാർബറിന്റെ ഭാഗമായി നിർമിച്ചത്. വാർഫിനും കരയ്ക്കുമിടയിൽ 106 മീറ്റർ വീതിയിലും 210 മീറ്റർ നീളത്തിലുമാണ് മണൽ നിറച്ചു കടൽ നികത്തിയെടുത്തത്.

പാർക്കിങ് സ്ഥലത്തിന്റെ പണി ഏതാണ്ട് പൂർത്തിയായി. പഴയ ഫിഷ് ലാൻഡിങ് സെന്ററിനു പടിഞ്ഞാറു ഭാഗത്തെ തോടിനു പാലം നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും നടപടിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.  കൊല്ലം, ഗുരുകുലം തീരദേശഗ്രാമങ്ങളിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾക്ക് ഹാർബറുമായി ബന്ധപ്പെടാൻ ഇവിടെ തോടിനു പാലം പണിയണം. നിലവിൽ റോഡുണ്ടെങ്കിലും പാലം പണിയാത്തതു കാരണം പരസ്പരം ബന്ധമില്ല. 2 കിലോമീറ്റർ അകലെയുള്ള മൽസ്യത്തൊഴിലാളി ഗ്രാമങ്ങളിൽനിന്ന് ഹാർബറിൽ എത്താൻ ദേശീയപാത വഴി വരേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ.

Post a Comment

0 Comments