കോഴിക്കോട്:വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹൈസ്‌കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 480 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് രാജ്യത്തിനു തന്നെ മാതൃകയാവുന്ന നേട്ടം കൈവരിക്കുന്നത്. ഇതിനായി മൂന്നരക്കോടി രൂപയാണ് വിനിയോഗിക്കുന്നത്.
പദ്ധതി നിര്‍വഹണം കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ക്ഷേമ പവര്‍ എന്ന കമ്പനിയാണ് കരാര്‍ പ്രവര്‍ത്തികള്‍ നടത്തുന്നത്.ഈ മാസം 18ന് തുടങ്ങി 40 ദിവസത്തിനകം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചാത്തമംഗലം ആര്‍ഇസി
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ മാസം 18ന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ചടങ്ങില്‍ ആധ്യക്ഷ്യത വഹിക്കും. അന്നേദിവസം ഇരിങ്ങല്ലൂര്‍, താമരശ്ശേരി, കോക്കല്ലൂര്‍,കുളത്തൂര്‍, കുറ്റ്യാടി, മേപ്പയൂര്‍, അത്തോളി, കായണ്ണ, കല്ലാച്ചി, മടപ്പള്ളി, മണിയൂര്‍ എന്നീ ഹൈസ്‌കൂളുകളില്‍ പ്രവര്‍ത്തിയുടെ പ്രാദേശിക ഉദ്ഘാടനം നടത്തി പാനല്‍ സ്ഥാപിക്കും.
ഡിജിറ്റലൈസേഷന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് വൈദ്യുതി ചാര്‍ജിനത്തില്‍ ഉണ്ടാകുന്ന വര്‍ധനയില്‍ നിന്നു രക്ഷനേടാന്‍ ഇതുമൂലം കഴിയും. 25 വര്‍ഷക്കാലം ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവും.ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ജില്ലാപഞ്ചായത്ത് കെഎസ്ഇബിയുടെ ഓണ്‍ഗ്രിഡിലേക്ക് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.എന്നാല്‍ കെഎസ്ഇബി ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വൈദ്യുതി തുടര്‍ന്നും നല്‍കും. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലാ പഞ്ചായത്ത് സ്‌കൂളുകള്‍, ആശുപത്രികള്‍, ഫാമുകള്‍, ഓഫിസുകള്‍ എന്നിവയുടേത് അടക്കം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ മിച്ചം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹൈസ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു.പൊതുവിലുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് പദ്ധതിക്ക് വേഗത വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.ബാബു പറശ്ശേരി അധ്യക്ഷനായ യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി.ജോര്‍ജ് മാസ്റ്റര്‍,കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജി.രാധാകൃഷ്ണന്‍,അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി.രഞ്ജിത്ത്,ആര്‍.ബലറാം,ശ്രീജ പുല്ലരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments