കോഴിക്കോട്: സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായ ഉച്ചയൂൺ മുടങ്ങിയിട്ട് ഒന്നര വർഷം. കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപം നടത്തിവന്നിരുന്ന ഭക്ഷണശാലയിൽ ഉച്ചസമയത്ത് ഊണിന് പകരമായി ഇപ്പോൾ നൽകി വരുന്നത് ജില്ലാ ജയിലിൽ നിർമ്മിച്ച് കൊണ്ടുവരുന്ന ചപ്പാത്തിയും വെജിറ്റബിൾ കറിയും.
2010 ൽ അന്നത്തെ സർക്കാർ അറുപത് ലക്ഷം രൂപ എസ്റ്റിമേറ്റിൽ പണിത ആധുനിക സംവിധാനത്തിലുള്ള ബോയിലറുകൾ ഉൾപ്പടെ സജ്ജീകരിച്ച അടുക്കളയിൽ വെച്ച് 2017 ഡിസംബർ മാസം വരെ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചക്ക് 12 മുതൽ 2 വരെയുള്ള സമയങ്ങളിൽ കൃത്യമായി ഊൺ നല്കികിയിരുന്നു. ഡിസംബർ അവസാനവാരത്തിൽ ഒരു രോഗിയുടെ ബന്ധുവിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശപ്പുരഹിത നഗരം പദ്ധതിയുടെ അടുക്കള അടച്ചു പൂട്ടിക്കയായിരുന്നു.
ബദൽ സംവിധാനമായാണ് ജയിലിൽ നിന്നെത്തിക്കുന്ന ചപ്പാത്തിയും കറിയും നൽകി വരുന്നത്. ഒരു മാസത്തിനകം ഉച്ച ഊൺ പരിപാടി ആരംഭിക്കുമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ ഡയരക്ടർ ആ അവസരത്തിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഉച്ചയൂൺ വിതരണം ആരംഭിച്ചില്ല. മിക്ക രോഗികളും ഉച്ച സമയത്ത് ചോറ് കഴിക്കുന്നവരാണെന്നിരിക്കെ ഊൺ പുനരാംരംഭിക്കാത്തത് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോട്ടലുകാരെ സഹായിക്കാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
0 Comments