റെയിൽവേ സോൺ: ആന്ധ്രയ്‌ക്ക‌് കിട്ടി; കേരളം ഇപ്പോഴും ഔട്ടറിൽ തന്നെ


തിരുവനന്തപുരം:ആന്ധ്രപ്രദേശിന‌് കേന്ദ്രം പുതിയ റെയിൽവേ സോൺ അനുവദിച്ചപ്പോൾ തഴഞ്ഞത‌് സ്വന്തമായി സോൺ വേണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം. വിശാഖപട്ടണം ആസ്ഥാനമായി സതേൺ കോസ്റ്റ‌് റെയിൽവേ സോൺ ആരംഭിക്കുമെന്നാണ‌് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത‌്. രാജ്യത്തെ പതിനെട്ടാമത്തെ റെയിൽവേ സോൺ ആണിത‌്.



കേരളത്തിന്റെ റെയിൽവേ വികസനത്തിന‌് സ്വന്തമായി സോൺ വേണമെന്ന ആവശ്യത്തിന‌് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട‌്. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ സോൺ അനുവദിച്ചില്ലെന്ന‌ുമാത്രമല്ല സംസ്ഥാനത്തെ റെയിൽവേ ഡിവിഷനു കീഴിലുള്ള ഭാഗങ്ങൾ അടർത്തിയെടുക്കുകയും ചെയ‌്തു. 1232 കിലോമീറ്റർ റെയിൽവേ ലൈൻ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷൻ സേലം ഡിവിഷനുവേണ്ടി വെട്ടിമുറിച്ചതോടെ 588 കിലോമീറ്ററായി ചുരുങ്ങി.

പാലക്കാട‌് ഡിവിഷൻ വെട്ടിമുറിച്ചതിന‌ു പകരമായി അനുവദിച്ച കഞ്ചിക്കോട‌് കോച്ച‌് ഫാക്ടറി കടലാസിൽ മാത്രമായി. തിരുവനന്തപുരത്ത‌് റെയിൽവേ മെഡിക്കൽ കോളേജ‌് അനുവദിക്കുമെന്നതും ബജറ്റ‌് പ്രഖ്യാപനത്തിൽ ഒതുങ്ങി. സോൺ ഇല്ലാത്തതിനാൽ സംസ്ഥാനത്തിന്റെ  പദ്ധതികൾ നടപ്പാക്കാൻ ചെന്നൈ സോണിലെ ഉദ്യോഗസ്ഥർ മനസ്സ‌് വയ‌്ക്കണം എന്നതാണ‌് സ്ഥിതി.  പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിന് റെയിൽവേയുമായി ചേർന്ന് സംസ്ഥാനം കേരള റെയിൽ ഡെവലപ‌്മെന്റ‌് കോർപറേഷൻ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിട്ടുണ്ട‌്. എന്നാൽ, മേഖലാ ഓഫീസ് ചെന്നൈയിലായതിനാൽ  തീരുമാനം നീണ്ടുപോകുകയാണ‌്. അതിവേഗ റെയിൽപാതയും നിലമ്പൂർ-നഞ്ചങ്കോട്, തലശേരി-മൈസൂരു, അങ്കമാലി–ശബരി, ഗുരുവായൂർ–തിരുനാവായ പാതകളും ഇതുവരെ പൂർത്തിയാക്കാനാകാത്തതിന് ഒരുകാരണം കേരളത്തിന് റെയിൽവേ സോൺ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കന്യാകുമാരിമുതൽ മംഗളൂരുവരെ പരിധിയുള്ള പെനിൻസുലർ റെയിൽവേ സോൺ എറണാകുളം കേന്ദ്രമായി അനുവദിക്കണമെന്നതാണ‌് സംസ്ഥാനത്തിന്റെ ആവശ്യം

Post a Comment

0 Comments