വനിതാ ദിനത്തോടനുബന്ധിച്ച് ബീച്ചിലെ പാരാമോട്ടോറിങ് നടത്തുന്ന സബ് കലക്ടർ വി.വിഘ്നേശ്വരി |
കോഴിക്കോട്∙ വനിതാദിനത്തിൽ പറന്നുയർന്ന് സബ്കലക്ടർ വി.വിഘ്നേശ്വരിയും അസി.കലക്ടർ കെ.എസ്.അഞ്ജുവും. ഡിടിപിസി ബീച്ചിൽ ആരംഭിച്ച പാരാമോട്ടോറിങ്ങിൽ ആദ്യയാത്ര നടത്തിയാണ് വനിതാ ഉദ്യോഗസ്ഥർ ധൈര്യം തെളിയിച്ചത്. ബീച്ചിലെ ആകാശയാത്ര മികച്ച അനുഭവമായിരുന്നുവെന്ന് ഉദ്ഘാടകയായ സബ് കലക്ടർ പറഞ്ഞു.
തുറന്ന വിമാനത്തിലെ യാത്രപോലെയായിരുന്നു. ഇനിയും പാരാമോട്ടോറിങ് നടത്താൻ താത്‌പര്യമുണ്ടെന്നും പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ല. സ്ത്രീകളടക്കം പരമാവധി പേർ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇരുവരുടെയും അഭിപ്രായം. ചടങ്ങിൽ എഡിഎം ഇ.പി.മേഴ്സി, ഡിടിപിസി സെക്രട്ടറി സി.പി.ബീന, തഹസിൽദാർ ഇ.അനിതകുമാരി എന്നിവർ പങ്കെടുത്തു.
വനിതാ ദിനത്തോടനുബന്ധിച്ച് ബീച്ചിലെ പാരാമോട്ടോറിങ് നടത്തുന്ന അസി.കലക്ടർ കെ.എസ്.അഞ്ജു |
അടുത്തയാഴ്ച മുതൽ മേയ് 31 വരെ എല്ലാദിവസവും വൈകിട്ട് 5 മുതൽ ലയൺസ് ക്ലബിനു സമീപത്തുനിന്നാണ് പറക്കൽ. 300 അടിവരെ ഉയരത്തിൽ 2 കിലോമീറ്റർ സഞ്ചരിക്കും. പൈലറ്റും ഒപ്പമുണ്ടാകും. ബീച്ചിലെ കാഴ്ചകളെല്ലാം പറന്നുനടന്ന് കാണാൻ 3000 രൂപയാണു ഫീസ്. എയ്റോ ക്ലബ് ഓഫ് കാലിക്കറ്റാണ് പാരാഗ്ലൈഡർ എത്തിക്കുന്നത്. ഓരോദിവസത്തെയും കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും പറക്കലെന്ന് എയ്റോ ക്ലബ് ഓഫ് കാലിക്കറ്റ് ചീഫ് ഫ്ലയിങ് ഇൻസ്ട്രക്ടർ സലീം ഹസൻ പറഞ്ഞു.
0 Comments