കോഴിക്കോട്:ഭക്ഷണത്തിന് പേര് കേട്ട കോഴിക്കോട്ടങ്ങാടിയിലെ ഇക്കായീസ് എന്ന ഈ കടക്ക് ഒരു പ്രത്യേകതയുണ്ട്. പൂര്‍ണ്ണമായും ഓട്ടിസം, ഡൗൺസിൻഡ്രോം തുടങ്ങിയ അസുഖങ്ങൾ കാരണം ഒറ്റപ്പെട്ട് വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ് ഇന്നീ കട നിയന്ത്രിക്കുന്നതും കടയിലേക്ക് വരുന്നവര്‍ക്ക് സ്നേഹത്തോടെ സുലൈമാനിയും പലഹാരവും നല്‍കുന്നത്. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഇക്കായീസ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയതെന്ന് കടയുടമകള്‍ പറയുന്നു. സംവിധായകനും നടനുമായ സാജിദ് യഹിയ കടയെ ക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നാണ് ഇതിന്റെ പ്രത്യേകത ജനങ്ങള്‍ അറിയുന്നത്. സംരംഭത്തെ പിന്തുണച്ച് നിരവധി പേരാണ് ഓൺലൈനിലും അല്ലാതെയും രംഗത്ത് വന്നിരിക്കുന്നത്.
സാജിദ് യഹിയയുടെ കുറിപ്പ്
"ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ ഇക്കായീസിന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതിനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൺസിൻഡ്രോം, തുടങ്ങിയ അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം."
0 Comments