കരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ തുറന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയെത്തിയ ഒമാൻ എയറിന്റെ മസ്കറ്റ് വിമാനത്തിലെ യാത്രക്കാരാണ് ആദ്യമായി ടെർമിനലിലെത്തിയത്. യാത്രക്കാരെ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസറാവുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പുതിയ ടെർമിനൽ കഴിഞ്ഞ 22-ന് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല. അന്താരാഷ്ട്ര യാത്രക്കാരുടെ ആഗമന ടെർമിനലാണിത്. കസ്റ്റംസ്, എമിഗ്രേഷൻ കൗണ്ടറുകൾ സ്ഥാപിക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് കാലതാമസം നേരിട്ടത്. എല്ലാ സൗകര്യങ്ങളും പൂർണതോതിൽ സജ്ജമാക്കിയ ശേഷമാണ് ടെർമിനൽ യാത്രക്കാർക്ക് തുറന്നുകൊടുത്തത്.120 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ ടെർമിനലിൽ ഒരേസമയം 1500 പേരെ ഉൾക്കൊള്ളും.
പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരം -യാത്രക്കാർ
കരിപ്പൂർ: കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെർമിനലിലെ സൗകര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമെന്ന് യാത്രക്കാർ ഒരേസ്വരത്തിൽ പറയുന്നു. കരിപ്പൂരിൽനിന്ന് യാത്രചെയ്തവരാണ് ചൊവ്വാഴ്ച പുതിയ ടെർമിനൽ വഴി പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും.
നേരത്തെയുണ്ടായിരുന്ന അസൗകര്യങ്ങൾ പലതവണ അനുഭവിച്ച യാത്രക്കാർ പുതിയ ടെർമിനലിലെ സൗകര്യങ്ങൾ ഗംഭീരമെന്നാണ് വിശേഷിപ്പിച്ചത്. പുതിയ ടെർമിനലിലെ സൗകര്യങ്ങൾ പ്രതീക്ഷയ്ക്കുമപ്പുറത്താണെന്നും വിദേശരാജ്യങ്ങളിലെ എയർപോർട്ടുകളിലെ നിലവാരം പുലർത്തുന്നതായും യാത്രക്കാരനായ കോഴിക്കോട് സ്വദേശി ആഷിഖ് പറഞ്ഞു. ടെർമിനലിലെ എല്ലാ സൗകര്യങ്ങളും മികച്ചതാണെന്നും തിക്കുംതിരക്കുമില്ലാതെ ക്ലിയറൻസ് പൂർത്തിയാക്കി പുറത്തിറങ്ങാനായെന്നും കൊടുവള്ളി സ്വദേശി മുഹ്സിൻ പറഞ്ഞു.
0 Comments