പയംകുറ്റിമലയുടെ മുഖം മാറും; വികസനത്തിനായി 2.15 കോടി രൂപയുടെ പദ്ധതി



വടകര:കാത്തിരിപ്പിനൊടുവിൽ പയംകുറ്റിമലയിൽ വികസനത്തിന്റെയും സൗന്ദര്യവത്കരണത്തിന്റെയും സാധ്യതകൾ തുറന്നു. ടൂറിസം വകുപ്പ് 2.15 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതോടെയാണിത്. പയംകുറ്റിമല ടൂറിസം വികസനസമിതി തയ്യാറാക്കിയ പദ്ധതിശുപാർശ ടൂറിസം ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ടൂറിസം വകുപ്പ് വർക്കിങ് ഗ്രൂപ്പ് യോഗം ഈ പദ്ധതികൾക്ക് അംഗീകാരം നൽകി. പദ്ധതി നടപ്പാക്കുന്നസ്ഥലം ടൂറിസം വകുപ്പിന് രജിസ്റ്റർ ചെയ്തുകൊടുക്കണമെന്നതാണ് വ്യവസ്ഥ. ഇതിനുള്ള നടപടികൾ തുടങ്ങി.



ടൂറിസം വകുപ്പുതന്നെയാണ് പദ്ധതിനിർവഹണ ഏജൻസി. വ്യൂ ടവർ പ്ലാറ്റ്ഫോം, ചുറ്റുമതിൽ, റോഡ്, സൗന്ദര്യവത്കരണം, കഫ്റ്റീരിയ, നിലം ടൈൽപാകൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നീ പദ്ധതികൾക്കാണ് 2.15 കോടി രൂപ അനുവദിച്ചത്. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്. മലയിലെത്തുന്നവർക്ക് അസ്തമയം ഉൾപ്പെടെയുള്ള പ്രകൃതിദൃശ്യങ്ങൾ കാണാനുള്ള കേന്ദ്രമാണ് വ്യൂ ടവർ. നിലവിൽ ടവർ ഇവിടെ ഉണ്ടെങ്കിലും ഇത് ഉയരംകൂട്ടി മനോഹരമാക്കും. മലയുടെ പടിഞ്ഞാറുഭാഗത്ത് ചുറ്റുമതിൽ കെട്ടി വിളക്കുകാലുകൾ സ്ഥാപിച്ച് മനോഹരമാക്കുന്നതാണ് മറ്റൊരു പദ്ധതി.

നിലവിൽ പയംകുറ്റിമലയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് കിഴക്കുഭാഗത്തേക്ക് മാറ്റും. ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, പുല്ല്, ചെടികൾ എന്നിവ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ സൗന്ദര്യവത്കരണ പദ്ധതികളും ഉണ്ടാകും. മുത്തപ്പൻക്ഷേത്രം സ്ഥിതിചെയ്യുന്ന പയംകുറ്റിമലയിൽ ദിവസവും ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്. അവധിദിനങ്ങളിൽ പ്രത്യേകിച്ചും. ഉദയവും അസ്തയമയും വളരെ വ്യക്തമായി ഇവിടെനിന്ന് കാണാൻ കഴിയും. അറബിക്കടലിന്റെ മനോഹാരിതയും നാലുപാടുമുള്ള പ്രദേശങ്ങളും പച്ചപ്പുമെല്ലാം മനോഹരമായ കാഴ്ചകളാണ്. മുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവസമയത്തും ഒട്ടേറെപ്പേർ മലയിലെത്തും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾകൂടി വരുമ്പോൾ വടകര മേഖലയിലെത്തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments