കോഴിക്കോട്: വലിയ വിമാനങ്ങളും അധിക സർവീസുകളും ആരംഭിച്ചതോടെ കരിപ്പൂർ വിമാനത്താവളത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വർധന. 2018-ഏപ്രിൽ മുതൽ 2019 ഫെബ്രുവരി വരെയുളള കാലയളവിൽ കരിപ്പൂരിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 23.3 ശതമാനത്തിന്റെയും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 3.9 ശതമാനത്തിന്റെയും വർധനവുമാണുണ്ടായത്.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ ആകെ എണ്ണത്തിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ മറികടന്നു കരിപ്പൂർ ഏഴു ശതമാനത്തിന്റെ അധിക നേട്ടമുണ്ടാക്കി. കൊച്ചിയിൽ 0.6 ശതമാനവും തിരുവനന്തപുരത്ത് 2.3 ശതമാനവും മാത്രമാണ് വർധനയുണ്ടായത്. കരിപ്പൂരിൽ 2018-ഏപ്രിൽ മുതൽ 2019 ഫെബ്രുവരി വരെ 5,78,026 യാത്രക്കാരാണ് ആഭ്യന്തര സെക്ടറിൽ പറന്നത്. എന്നാൽ തൊട്ടുമുമ്പുളള വർഷം യാത്രക്കാരുടെ എണ്ണം 4,68,706 മാത്രമായിരുന്നു. കൊച്ചിയിൽ 47,69,844 പേരാണ് ആഭ്യന്തര യാത്രക്കാർ. തൊട്ടുമുമ്പുള്ള വർഷം 43,94,666 ആയിരുന്നു. 8.5 ശതമാനത്തിന്റെ വർധനയാണ് കൊച്ചിയിലുണ്ടായത്.
തിരുവനന്തപുരത്ത് 17,79,724 പേരാണ് യാത്രചെയ്തത്. തൊട്ടുമുമ്പുള്ള വർഷം 17,492,47 പേരായിരുന്നു. 1.7 ശതമാനത്തിന്റെ വർധന മാത്രമാണുണ്ടായത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 3.9 ശതമാനത്തിന്റെ വർധനയാണ് കരിപ്പൂരിലുണ്ടായത്. 25,12,030 യാത്രക്കരാണ് ഫെബ്രുവരി വരെയുണ്ടായത്. തൊട്ടുമുന്‍പുള്ള വർഷം 24,18,209 യാത്രക്കാരായിരുന്നു.
Content Highlights: Increased the number of passengers in Karipoor
0 Comments