നഗരപാതാ വികസനം രണ്ടാം ഘട്ടം:11 റോഡുകൾ കൂടി പുത്തനാവാനൊരുങ്ങി

ആദ്യഘട്ടത്തിൽ വികസിപ്പിച്ച റോഡുകളിലൊന്ന്

കോഴിക്കോട്∙ നഗരപാതാ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വികസിപ്പിക്കുന്ന 10 റോഡുകളുടെ സർവേ ഉടൻ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ടെൻഡറിലൂടെ തിരഞ്ഞെടുത്ത ഏജൻസിയുമായി കരാർ ഒപ്പിട്ടാൽ 3 മാസത്തിനുള്ളിൽ ജോലികൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. സർവേയിൽ നിലവിലുള്ള റോഡുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് മാപ്പ് തയാറാക്കും. ഈ റിപ്പോർട്ടുകൂടി ലഭിച്ചതിനുശേഷമാണ് ഡിപിആർ തയാറാക്കുന്നത്.



കേരള റോഡ് ഫണ്ട് ബോർഡാണ് നഗരപാതാ വികസന പദ്ധതി നടപ്പാക്കുന്നത്. മൊത്തം 11 റോഡുകളാണു വികസിപ്പിക്കുന്നതെങ്കിലും മൂഴിക്കൽ – കാളാണ്ടിത്താഴം റോഡിന്റെ സർവേ റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ നേരത്തേ നടത്തിയിരുന്നു. ഈ റോഡിന്റെ ഡിപിആർ പൂർത്തിയാക്കുകയും ചെയ്തു. എറണാകുളം ആസ്ഥാനമായുള്ള സിനേർജി ആർക്കിടെക്റ്റ്് ആൻഡ് എൻജിനീയേഴസ് എന്ന കമ്പനിയെയാണു സർവേ ജോലികൾക്കായി കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബറോടെ മുഴുവൻ റോഡുകളുടെയും ഡിപിആർ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

പട്ടിക പുനഃക്രമീകരിക്കും

നഗരപതാ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന റോഡുകളുടെ പട്ടികയിൽ മാറ്റം വരുന്നു. 670 മീറ്റർ വരുന്ന ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം റോഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണു തീരുമാനം. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമായതിനാൽ റോഡിന്റെ വികസനം കോർപറേഷനുതന്നെ നടപ്പാക്കാമെന്നാണു വലയിരുത്തൽ.



ഈ റോഡ് ഒഴിവാക്കുമ്പോൾ പകരം അരയിടത്തുപാലത്തുനിന്ന് അഴകൊടിവഴി ഗാന്ധിറോഡ്– മിനി ബൈപാസ് റോഡിലെ ചെറൂട്ടി നഗറിലെത്തുന്ന റോഡ് 10 മീറ്ററിലേക്കു വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം  4.43 കിലോമീറ്റർ വരുന്ന പുതിയങ്ങാടി –തണ്ണീർപന്തൽ  റോഡിന്റെ പുതിയങ്ങാടി – മാളിക്കടവ് ഭാഗത്തെ പ്രവൃത്തിയും ഒഴിവാകും. എ.പ്രദീപ്കുമാർ എംഎൽഎയുടെ നിർദേശമനുസരിച്ച് ഈ ഭാഗത്തിനായി കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിച്ചതിനാൽ മാളിക്കടവ് – തണ്ണീർപന്തൽ ഭാഗമായിരിക്കും  (2 കിലോമീറ്റർ )നഗരപാതാ വികസന പദ്ധതയിൽ നിലനിർത്തുക.

കളിപ്പൊയ്ക മേൽപാലം

ഗാന്ധിറോഡിനെ പനാത്തുതാഴവുമായി ബന്ധിപ്പിക്കാനുള്ള കളിപ്പൊയ്ക മേൽപാലം നിർമാണത്തിന് പദ്ധതിയിൽ പ്രഥമ പരിഗണന ലഭിക്കുമെന്നാണു പ്രതീക്ഷ. എ.പ്രദീപ്കുമാർ എംഎൽഎയുടെ നിർദേശമനുസരിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ട്.
കണ്ടൽക്കാടിനു  ദോഷംവരാത്ത രീതിയിലാണു പദ്ധതി. കെ.പി.ചന്ദ്രൻ റോഡിൽനിന്ന് തുടങ്ങി മിനി ബൈപാസ്, കനോലി കനാൽ, കളിപ്പൊയ്ക എന്നിവയുടെ മുകളിലൂടെ കോട്ടൂളി റോഡിലേക്കെത്തുന്ന അലൈൻമെന്റാണ് പരിഗണിക്കുന്നത്.

ദേശീയജലപാതയായി വികസിക്കാനിരിക്കുന്ന കനാലിനു കുറുകേ 7 മീറ്റർ ഉയരത്തിലായിരിക്കും പാലം. മൊത്തം 345 മീറ്റർ നീളം.  കോട്ടൂളി ഭാഗത്ത് 580 മീറ്റർ നീളത്തിൽ റോഡ് വികസിപ്പിച്ച് കോട്ടൂളി സെന്ററിലേക്കും മിനിബൈപാസ് ഭാഗത്ത് കെ.പി.ചന്ദ്രൻ റോഡ്  വീതികൂട്ടി ഗാന്ധിറോഡിലേക്കുമെത്തും.

Post a Comment

0 Comments