കോഴിക്കോട്∙ കനോലി കനാലും കല്ലായിപ്പുഴും കോരപ്പുഴയും ബീച്ചും ഉൾപ്പെടുന്ന ടൂറിസം പദ്ധതിയുടെ ഡിപിആർ തയാറായി വരികയാണെന്ന് കലക്ടർ സാംബശിവ റാവു. മൂര്യാട് കനാലും പുഴയും ചേരുന്ന ഭാഗത്ത് നടപ്പാക്കുന്ന ചെളിനീക്കൽ പ്രവൃത്തി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പ്രവൃത്തി പൂർത്തിയാകുന്നതോടെ പുഴയ്ക്കും കനാലിനുമിടയിലുള്ള ഒഴുക്ക് സുഗമമാകുമെന്ന് കലക്ടർ പറഞ്ഞു. കനാലിന്റെ മലിനീകരണം തടയാൻ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയാണ് ഏകമാർഗം.
സരവോരത്തെ മുടങ്ങിക്കിടക്കുന്ന പ്ലാന്റ് നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. കല്ലായിയിലെ കയ്യേറ്റ ഭൂമി സംബന്ധിച്ച കേസിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ശക്തമായ നടപടികളെടുക്കുമെന്നും കലക്ടർ പറഞ്ഞു. അസിസ്റ്റന്റ് കലക്ടർ ഡി.ആർ.മേഘശ്രീ, ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ഒ.കെ.പ്രേമാനന്ദൻ, അസി.എക്സിക്യൂട്ടിവ് എൻജിനീയർ ജി. മോഹനൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മൂര്യാട് ഭാഗത്ത് അടിഞ്ഞുകൂടിയ ചെളിനീക്കുന്ന പ്രവൃത്തി 60% പൂർത്തിയായിട്ടുണ്ട്. ഇതുപൂർത്തിയായാൽ കനാലിൽ ബോട്ട് ഓടിക്കാവുന്നതരത്തിൽ ആവശ്യമുള്ളയിടങ്ങളിലെല്ലാം ഒന്നരമീറ്ററെങ്കിലും ചെളിനീക്കും. കനാലിൽ മൂടിയിരിക്കുന്ന കുളവാഴകൾ നീക്കുന്ന പ്രവൃത്തിയും മരച്ചില്ലകളും കുറ്റിക്കാടുകളും വെട്ടിമാറ്റുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും സിയാലിന്റെയും സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ (ക്വിൽ) നേതൃത്വത്തിലാണു കനാൽ നവീകരണം. 46 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.
0 Comments