ലോറി പാര്‍ക്കിങ് തോപ്പയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം



കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് തോപ്പയിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ സൂചന സമരം സംഘടിപ്പിച്ചു. സ്ഥലം മണ്ണിട്ട് നികത്തിയാല്‍ നിരവധി കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വരുമെന്നാണ് പരാതി.   



ചരക്ക് ലോറികള്‍ റഡില്‍ നിര്‍ത്തിയിടുമ്പോഴുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് സൗത്ത് ബീച്ചിലെ പാര്‍ക്കിങ് ഒഴിവാക്കിയത്. കോര്‍പ്പറേഷന്‍ അധികൃതര്‍ പകരമായി കണ്ടെത്തിയത് തോപ്പയിലെ മൈതാനം. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിനെ കൂടുതല്‍ വീര്‍പ്പുമുട്ടിക്കുന്ന നടപടിയെന്നാണ് വിമര്‍ശനം. നിലവില്‍ സ്ഥലപരിമിതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.



പാര്‍ക്കിങിന് പാകമാക്കാന്‍ നിലവിലെ പ്രദേശം മണ്ണിട്ട് ഉയര്‍ത്തേണ്ടിവരും. ഇതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകും. ചെറിയ മഴയില്‍ പോലും വെള്ളമുയരുന്ന പ്രദേശം കൂടുതല്‍ ഒറ്റപ്പെടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളും നാട്ടുകാരുടെ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തീരുമാനം പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരമുള്‍പ്പെടെയുള്ള സമര മുറകള്‍ക്ക് തുടക്കമിടാനാണ് ഇവരുടെ ആലോചന.

Post a Comment

0 Comments