തുടക്കം കസറി; കെഎസ്ആർടിസി പെരിന്തൽമണ്ണ–കൊയിലാണ്ടി സർവീസ് വൻഹിറ്റ്



താമരശ്ശേരി: കെ എസ് ആർ ടി സി പെരിന്തൽമണ്ണ– താമരശ്ശേരി– കൊയിലാണ്ടി ടൗൺ ടു ടൗൺ സർവീസിൽ അവധിക്കാലമായിട്ടും മികച്ച വരുമാനം.  ആദ്യദിവസമായ 29-ന് 84,286 രൂപ വരുമാനം ലഭിച്ചു.



അവധിക്കാലം കഴിയുന്നതോടെ പ്രതിദിനം 1.5 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി ആസ്ഥാനത്തുചേർന്ന യോഗത്തിൽ വരുമാനം വിലയിരുത്തി. ചെയിൻ സർവീസുമായി മുന്നോട്ടുപോകാൻ തീരുമാനമായി. പെരിന്തൽമണ്ണയിൽനിന്ന് അരീക്കോട്, മുക്കം, താമരശേരി, കൊയിലാണ്ടി എന്നിവിടങ്ങളിലേക്കു നേരിട്ട് യാത്ര ചെയ്യാവുന്ന ആദ്യ സർവീസാണിത്.  താമരശേരി, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് 7 വീതം ബസുകളാണ് സർവീസ് നടത്തുന്നത്.

വഴിമുടക്കിയാൽ പണികിട്ടും

കെഎസ്ആർടിസി സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെ കർശനമായി നേരിടുമെന്ന് ഉത്തരമേഖലാ എക്സിക്യൂട്ടീവ് ഡയക്ടറുടെ ഓഫിസ് അറിയിച്ചു. സർവീസ് തടസ്സപ്പെടുത്തണമെന്ന മട്ടിൽ ചിലർ വാട്സാപ് സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. സ്വകാര്യ ബസുകൾ മാത്രം കയ്യടക്കിയ ഈ റൂട്ടിൽ KSRTC വന്നതോടെ സ്വകാര്യ ബസ്സ് ലോബിയുമായി ബന്ധമുള്ളവരാണ് KSRTC ക്ക് എതിരെ തിരിയുന്നത്.



KSRTC ബസ് സർവ്വീസ് തടസ്സപ്പെടുത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി KSRTC -ക്ക് എതിരെ ഏതു തരം നീക്കങ്ങളുണ്ടായാലും മൊബൈലിൽ പകർത്തി യാത്രക്കാർക്ക് KSRTC അധികൃതർക്ക് കൈമാറാവുന്നതാണ്. ഇത് മോട്ടോർ വാഹന വകുപ്പിനും, പോലീസിനും നൽകി ഉചിതമായ നടപടികൾ കൈക്കൊള്ളും. ട്രിപ്പ് മുടങ്ങിയാൽ കാരണക്കാരിൽ നിന്നും നഷ്ടവും ഈടാക്കും.

Post a Comment

0 Comments