കോഴിക്കോട്: ട്രെയിൻ റദ്ദാക്കിയത് മുൻകൂട്ടി അറിയിച്ചില്ലെന്നും റിസർവ് ചെയ്ത ടിക്കറ്റിെൻറ പണം തിരിച്ച് നൽകിയില്ലെന്നുമുള്ള യാത്രക്കാരിയുടെ പരാതിയിൽ റെയിൽവേ നഷ്ടം നൽകാൻ വിധി. മലയമ്മ ഗീതാഞ്ജലിയിൽ അഞ്ജലി നൽകിയ ഹരജിയിലാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം ടിക്കറ്റ് ചാർജായ 1962 രൂപയും 10,000 രൂപ നഷ്ടവും 3000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടത്.
2014 ഡിസംബർ 22ന് മധുരയിലേക്ക് നാഗർകോവിൽ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം പോകാനായി നാല് ടിക്കറ്റ് ബുക് ചെയ്തതാണ് കേസിനാധാരം. യാത്രക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയുന്നത്. ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്ത് തിരിച്ചെത്തി പണം തിരികെ കിട്ടാൻ അപേക്ഷ കൊടുത്തപ്പോൾ ട്രെയിൻ പുറപ്പെടുന്ന സമയത്തിന് മുമ്പ് നൽകിയില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടർന്ന് അഡ്വ. എസ്.ജെ ധനേഷ് മുഖേന റെയിൽവേ പാലക്കാട് സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ, ചെന്നൈ ഐ.ആർ.സി.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എന്നിവരെ എതിർ കക്ഷികളാക്കി ജില്ല ഉപഭോക്തൃഫോറത്തിൽ പരാതി നൽകുകയായിരുന്നു.
0 Comments