കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ അഞ്ച് കിലോ മീറ്റർ തീരത്തും രണ്ട് കിലോമീറ്റർ കടലിലും ഉള്ള പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്തം.
റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയുർവ്വേദ ആശുപത്രിയിലെ ഡോക്ടർമാരായ ആതിര, അമൃത , സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്. ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് മാലിന്യ നിർമാർജനത്തിന് മുന്നോട്ട് വന്നത്. മത്സ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ രണ്ട് കിലോമീറ്റർ ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൾ തീരത്ത് എത്തിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ 100 കിലോയോളം പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങൾ ശേഖരിച്ചും പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ എത്തിച്ചു. രാവിലെ ആരംഭിച്ച കടൽ ശുചീകരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവത്കരണ സന്ദേശം എത്തിച്ചു. രണ്ടാം ഘട്ട ശുചീകരണം 17 ന് നടക്കും.
0 Comments