കോഴിക്കോട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് 'കളര്‍വെളളം

'

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കുടിവെളളത്തിനു പകരമെത്തുന്നത് കളര്‍വെളളം. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെളളത്തിലാണ് നിറം മാറ്റം കണ്ടത്. പെരുവണ്ണാമൂഴി ഡാമിന്‍റെ അടിത്തട്ടില്‍ ഇരുമ്പിന്‍റെയും മാംഗനീസിന്‍റെയും അംശം കൂടിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി വിശദമാക്കുന്നത്.കോഴിക്കോട് ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനു പകരം കളര്‍വെളളമെത്താന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.



പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ മറുപടി. എന്നാല്‍ മഴ തുടങ്ങിയിട്ടും വിതരണം ചെയ്യുന്ന വെളളത്തിന്റെ അവസ്ഥ പഴയത് തന്നെയാണ്. ഗസ്റ്റ് ഹൗസിലടക്കം കളര്‍വെളളമെത്താന്‍ തുടങ്ങിയതോടെ കോര്‍പറേഷന്‍ അധികൃതര്‍ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനുപിന്നാലെ വെളളം ശുദ്ധീകരിക്കാനുളള നടപടികള്‍ വാട്ടര്‍ അതോറിറ്റി ഊര്‍ജ്ജിതമാക്കി.



ഡാമില്‍ ജലനിരപ്പ് കുറഞ്ഞതോടെ അടിത്തട്ടിലെ ഇരുമ്പിന്‍റെയും മാംഗനീസിന്‍റെയും അംശം വിതരണം ചെയ്യുന്ന വെളളത്തിലും കലര്‍ന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് വാട്ടര്‍ അതോറിറ്റി വിശദീകരിക്കുന്നു. നിറം മാറിയ വെളളം ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് നിരീക്ഷണം. ഡാമില്‍ ജലനിരപ്പ് ഉയരുന്നതോടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കുന്നത്.

Post a Comment

0 Comments