താമരശേരി ചുരം വളവുകളിലെ നവീകരണം പൂര്‍ത്തിയായി; ഉദ്ഘാടനം ഇന്ന്; യാത്രാ ദുരിതത്തിന് അറുതി



കോഴിക്കോട്: പ്രളയത്തിൽ ഇടിഞ്ഞ് താഴ്ന്ന താമരശേരി ചുരം റോഡിലെ മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി. റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍, മൂന്ന്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിക്കല്‍, തകര്‍ന്ന പാര്‍ശ്വഭിത്തികളുടെ നവീകരണം എന്നിവയാണ് നടക്കുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരം റോഡിലെ യാത്രാ ദുരിതത്തിന് അറുതിയാവും. ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പ്രവൃത്തികളാണ് ചുരം റോഡില്‍ നടപ്പാക്കിയത്. പൂര്‍ത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം ഈ മാസം 13ന് രാവിലെ 11 മണിക്ക് രണ്ടാം വളവില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.



2018 ജൂണ്‍ 14നുണ്ടായ കനത്ത മഴയിലാണ് ചുരം റോഡില്‍ ഒന്നാം വളവിനും ചിപ്പിലിത്തോടിനുമിടയില്‍ റോഡ് പകുതിയോളമിടിഞ്ഞ് ഗതാഗതം പൂര്‍ണമായി നിലച്ചത്. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലായി. റോഡ് ഇടിഞ്ഞതിന് ഇരു ഭാഗത്ത് നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയാണ് ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചത്. പിന്നീട് ഇടിഞ്ഞതിന് സമീപത്തുകൂടെ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചു വാഹനങ്ങള്‍ കടത്തി വിട്ടു.

എന്നാല്‍ താല്‍ക്കാലിക സംവിധാനത്തില്‍ ഒതുങ്ങി നില്‍ക്കാതെ പാതയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി 1.86 കോടി അനുവദിച്ച് ഇടിഞ്ഞ ഭാഗത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിച്ചു. ഈ ഭാഗത്തെ ടാറിങ്, സംരക്ഷണ ഭിത്തി, ഓവുചാല്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി. പ്രളയകാലത്ത് ചുരം റോഡ് സന്ദര്‍ശിച്ച മന്ത്രിമാരായ ജി. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ ഇടപെടലാണ് പ്രവൃത്തികള്‍ വേഗത്തിലാക്കിയത്. എംഎല്‍എമാരായ ജോര്‍ജ് എം. തോമസിനും സി.കെ. ശശീന്ദ്രനും ചുരം റോഡിലെ വിഷയങ്ങള്‍ കൃത്യമായി സര്‍ക്കാറിനു മുമ്പില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത്.

ആറ് കോടി ചെലവഴിച്ചാണ് മൂന്ന്, അഞ്ച് വളവുകളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. വനംഭൂമി ഏറ്റെടുത്ത് ചുരത്തിലെ മുടിപ്പിന്‍ വളവുകള്‍ വീതി കൂട്ടി നവീകരിക്കുകയെന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ തുടക്കമായത്. 18 മീറ്റര്‍ ബിഎംബിസി ടാറിങ് അടക്കം 25 മീറ്ററിലധികമാണ് രണ്ടു വളവുകളിലും വീതി വര്‍ധിച്ചത്. കൂടാതെ സംരക്ഷണഭിത്തി, പാര്‍ശ്വഭിത്തി, ഓവുചാല്‍ എന്നിവയും നിര്‍മ്മിച്ചു.  വനഭൂമി, സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വിട്ടുകിട്ടിയത്.

മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനായി 0.92 ഹെക്ടര്‍ ഭൂമിയാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. ഭൂമി വിട്ടുകിട്ടുന്നതിന് 35.02 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിലേക്ക് അടച്ചു. ഇതോടെയാണ് ചുരം വളവുകള്‍ വീതികൂട്ടുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായത്. ഡിസംബറില്‍ ആരംഭിച്ച മൂന്ന്, അഞ്ച് വളവുകളിലെ പ്രവൃത്തികള്‍ ജൂണ്‍ അവസാനവാരത്തോടെ പൂര്‍ത്തിയായി. ആറ്, ഏഴ്,എട്ട് വളവുകളിലെ നവീകരണ പ്രവൃത്തികള്‍ക്കായി 40 കോടിയുടെ പദ്ധതി നിര്‍ദ്ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.



അടിക്കടിയുണ്ടാകുന്ന ഗതാഗത തടസത്തിന് പരിഹാരമായതോടെ കോഴിക്കോട്-ബംഗളൂരു പാതയില്‍ യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായിരിക്കുകയാണ് നവീകരണ പ്രവൃത്തികള്‍. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുനീക്കവും ഇതോടെ സുഗമമായി. ആറ്, ഏഴ്, എട്ട് വളവുകള്‍ കൂടി നവീകരിക്കുന്നതോടെ ചുരം റോഡിലെ യാത്രാക്ലേശം പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പറഞ്ഞു.

Post a Comment

0 Comments