കൊയിലാണ്ടി അപകടം: ടാങ്കറിലുണ്ടായിരുന്നത് 18 ടൺ ലിക്വിഡ് ഗ്യാസ്; ഒഴിവായത്‌ വൻദുരന്തം




കൊയിലാണ്ടി:കൊയിലാണ്ടിയിൽ അപകടത്തിൽപ്പെട്ട വാതക ടാങ്കറിന്റെ ശേഷി 18,000 ലിറ്റർ (18 ടൺ) ദ്രവരൂപത്തിലുള്ള വാതകം. ഭാഗ്യംകൊണ്ടാണ് ഇത്രയും വലിയ അപകടം ഉണ്ടായപ്പോൾ ടാങ്കർ ലോറിയിൽനിന്ന് വാതകം ചോരാതിരുന്നത്. മീൻലോറി അതിശക്തമായിട്ടാണ് ടാങ്കർ ലോറിയിൽ ഇടിച്ചത്. രണ്ടുലോറികളുടെയും മുൻഭാഗം പൂർണമായി തകർന്നിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ചക്രങ്ങൾ പൊട്ടിത്തെറിക്കുകയും ചലിക്കാൻ കഴിയാത്തവിധം ജാമാകുകയും ചെയ്തിരുന്നു.



വാതക ടാങ്കറിന്റെ മധ്യഭാഗത്തായിരുന്നു ഇടിയേറ്റിരുന്നതെങ്കിൽ അത്യാഹിതം ഇതിലും എത്രയോ പതിന്മടങ്ങ് വരുമായിരുന്നു. 18 ടൺ വാതകം പൊട്ടിത്തെറിച്ചാൽ ഒന്നരക്കിലോമീറ്റർ ചുറ്റളവുവരെ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് കൊയിലാണ്ടി ഫയർ ഓഫീസർ സി.പി. ആനന്ദൻ പറഞ്ഞു. ടാങ്കർ ലോറിക്ക് അപകടമുണ്ടായാൽ വാൽവുകൾ തുറന്നുകിടക്കുന്നുണ്ടോയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഇത് അടയ്ക്കാൻ കഴിഞ്ഞാൽ അത്യാഹിതം നിയന്ത്രണത്തിലാക്കാം. അടുത്തകാലത്ത് കണ്ണൂർ ചാലയിലുണ്ടായ അപകടത്തിൽ ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. വീടുകളും മരങ്ങളും സ്ഥാപനങ്ങളും കത്തിനശിച്ചിരുന്നു. കൊയിലാണ്ടിയിൽ രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, ലീഡിങ്‌ ഫയർമാൻ സുജാത്, ഫയർമാൻമാരായ ഷിജിത്ത്, ടി. വിജീഷ്, നിഖിൽ, കെ.എം. വിജീഷ്, രാജീവ്, പ്രശാന്ത്, ഹോംഗാർഡുമാരായ സത്യൻ, ബാലൻ, വിജയൻ എന്നിവർ പങ്കെടുത്തു.



NH 17-ൽ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും തമ്മിലുണ്ടായ അപകടത്തിൽ രണ്ട്  മരണം. മലപ്പുറം തിരുനാവായ സ്വദേശി ജാഫര്‍(42), തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്.  രണ്ടു വാഹനത്തിന്റെയും ഡ്രൈവമാരാണ് മരിച്ചത്.  പൊലീസും ഫയര്‍ഫോഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിൽ അഗ്നിശമനസേനയോടൊപ്പം പ്രവർത്തിച്ച നാലുയുവാക്കളിൽ കന്നൂർ റിനീഷ് എന്നയാൾക്ക് നിസ്സാരപരിക്കേറ്റു.

Post a Comment

0 Comments