കോഴിക്കോട്:ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും തുഴയെറിയാൻ വിദേശികളടക്കമുള്ളവർ കോടഞ്ചേരിയിലും പുലിക്കയത്തും എത്തിത്തുടങ്ങി. കോടഞ്ചേരിയെ അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധമാക്കിയ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിനടക്കുന്ന കയാക്കിങ് മത്സരം ഇത്തവണ ജൂലായ് 26-മുതൽ 28-വരെയാണ്. കയാക്കിങ് മത്സരങ്ങളുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്തെ ചാലിപ്പുഴയിലും സമാപനം തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവിലുമാണ് നടക്കുക. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തുഴച്ചിൽ പരിശീലത്തിന് ആവശ്യമായ വെള്ളം പുഴകളിൽ കുറവാണെന്ന് താരങ്ങൾ പറയുന്നു. സാധാരണ തുഴച്ചിൽ മത്സരത്തിന്റെ മാസങ്ങൾക്ക് മുമ്പുതന്നെ പ്രദേശത്ത് വീടുകൾ വാടകയ്ക്കെടുത്ത് വിദേശതാരങ്ങളടക്കമുള്ളവർ ഇവിടെ താമസിക്കുന്നത് പതിവായിരുന്നു. എന്നാൽ, ഇത്തവണ ചുരുക്കം ചിലർമാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത്. മഴ കുറവായതിനാൽ പുഴകളിൽ ജലനിരപ്പ് ഉയരാത്തതിനാലാണ് കൂടുതൽ താരങ്ങൾ എത്താൻ വൈകുന്നതെന്ന് പ്രാദേശിക തുഴച്ചിലുകാർ പറയുന്നു.
മീൻതുള്ളിപ്പാറ, അരിപ്പാറ, ആനക്കാംപൊയിൽ, പുലിക്കയം,എന്നിവിടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഇരുപത്തഞ്ചോളം വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ളവർ ഇവിടെ മത്സരത്തിൽ പങ്കെടുക്കാറുണ്ട്. ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ കോടഞ്ചേരിയെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിലേക്കുയർത്തിയ സാഹസിക കായികവിനോദത്തെ വരവേൽക്കാൻ നാട്ടുകാരും ഒരുങ്ങിത്തുടങ്ങി.
മത്സരാർഥികൾക്കും ആസ്വാദകർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് സംഘാടകരും നാട്ടുകാരും. വരും ദിവസങ്ങളിൽ കാലവർഷം കനത്ത് പുഴകൾ മത്സരത്തിനനുയോജ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് സംഘാടകരും നാട്ടുകാരും. കൂടാതെ സ്വാഗതസംഘവും സബ്കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തങ്ങൾ പുരോഗമിക്കുന്നു. വിനോദസഞ്ചാര വകുപ്പിന് കീഴിൽ നടത്തിയിരുന്ന കയാക്കിങ്മത്സരം ഇത്തവണ വകുപ്പിന് കീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് സംഘടിപ്പിക്കുന്നത്.
0 Comments