കോഴിക്കോട്:പാളം വൈദ്യുതീകരണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും ഷൊർണൂരിനും മംഗളൂരുവിനും ഇടയിലുള്ള 307 കിലോ മീറ്ററിൽ ഒരു മെമുപോലും വന്നില്ല. റേക്കുകൾ കുറവായതിനാൽ തിരുവനന്തപുരം ഡിവിഷനിൽ ഇപ്പോഴുള്ള മെമു സർവീസും മുടങ്ങുന്നു. തൊട്ടടുത്ത കൊങ്കണിലൂടെ ഡെമു വണ്ടികളും (ഡീസൽ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ചെന്നൈയിലൂടെ പുതിയ മെമുവും ഓടിക്കുമ്പോഴാണ് കേരളത്തോട് ഈ അവഗണന.
നിലവിൽ പാലക്കാട് ഡിവിഷനുകീഴിൽ ഓടുന്നത് നാലു മെമു വണ്ടികളാണ്. തിരുവനന്തപുരം ഡിവിഷനിൽ 10 മെമു സർവീസ് നടത്തുന്നു. എന്നാൽ, വൈദ്യുതീകരണം പൂർത്തിയായിട്ടും ഷൊർണൂർ-മംഗളൂരു മേഖലയിൽ ഒരു മെമുപോലും ഓടിച്ചില്ല. 2017 മേയിലാണ് വൈദ്യുത തീവണ്ടികൾ ഷൊർണൂരിൽനിന്ന് മംഗളൂരുവിലേക്ക് ഓടിത്തുടങ്ങിയത്.
കേരളത്തിൽ മെമുവിന് ഓടാനുള്ള തടസ്സമായി പറയുന്നത് റേക്കില്ല എന്നതാണ്. എന്നാൽ, മറ്റു ഡിവിഷനുകളിൽ ഇതു ബാധകവുമല്ല. ഈമാസം ഏഴിനു ചെന്നൈ ബീച്ച്-താംബരം റൂട്ടിൽ ഇ.എം.യു. വണ്ടി തുടങ്ങി. വളരെ മുമ്പുതന്നെ രണ്ട് റേക്കുകൾക്കുകൂടി പാലക്കാട് ഡിവിഷൻ അധികൃതർ അപേക്ഷ നൽകിയിരുന്നു. പക്ഷേ, റെയിൽവേ ബോർഡ് കനിഞ്ഞില്ല. ഷൊർണർ-മംഗളൂരു മേഖലയിൽ 18 പാസഞ്ചർ വണ്ടികളാണ് നിലവിൽ ഡീസൽ എൻജിനിൽ ഓടുന്നത്. മെമു വന്നാൽ പാസഞ്ചർ വണ്ടികൾ പിൻവലിക്കാമെന്നായിരുന്നു നിർദേശം.
തിരുവനന്തപുരം ഡിവിഷനിൽ 10 മെമു റേക്കുകളാണുള്ളത്. കൊല്ലത്തെ ഷെഡിൽ പരിശോധനയ്ക്കുകയറിയാൽ പകരം ഓടിക്കാൻ മെമുവില്ല. ഇതുകാരണം മെമു സർവീസ് ചില ദിവസങ്ങളിൽ മുടങ്ങും. വലിയ ഷെഡാണ് കൊല്ലത്തേതെങ്കിലും ആവശ്യത്തിന് റേക്കുകളില്ലാത്തത് തിരിച്ചടിയാണ്. മെമു സർവീസ് തുടങ്ങുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹരി അറിയിച്ചത് 2017 ഏപ്രിലിൽ തിരുവനന്തപുരത്ത് നടന്ന എം.പിമാരുടെ യോഗത്തിലായിരുന്നു. എന്നാൽ, ജനപ്രതിനിധികൾ സമ്മർദം ചെലുത്താത്തതിനാൽ മെമു റേക്കുകൾ കേരളത്തിലേക്ക് എത്തിയില്ല.
0 Comments