കോഴിക്കോട്:കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കാന്‍ മാസങ്ങൾക്കുമുമ്പ് ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കണ്‍സ്ട്രക്‌ഷന്‍സ് കരാറേറ്റെടുത്തിട്ടും കരാര്‍കാലാവധി കഴിഞ്ഞാല്‍പോലും പണി തുടങ്ങാന്‍ കഴിയുമോ എന്നുറപ്പില്ലാത്ത അവസ്ഥയിൽ കാര്യങ്ങളെത്തി. പതിന്നാലുമാസങ്ങൾക്കുമുമ്പാണ് കെഎം.സി കരാറേറ്റെടുത്തത്.
ബൈപ്പാസ് വീതികൂട്ടല്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ കരാറേറ്റെടുത്തവരുടെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടായിട്ടില്ല. ബാങ്ക് ഗാരന്റി നല്‍കാന്‍പോലും കഴിയാത്ത കമ്പനിയെ 1,710 കോടിയുടെ പദ്ധതി ഏല്‍പ്പിച്ചതാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് ആക്ഷേപം.
വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ കരാറേറ്റെടുത്തതും കെ.എം.സിയാണ്. ഈ പാതയിലുള്ള കുതിരാന്‍ തുരങ്കത്തിന്റെ പ്രവൃത്തി നിലച്ചിട്ട് മൂന്നുവര്‍ഷമായി. അത് ഇതുവരെ പുനരാരംഭിക്കാന്‍ കെ.എം.സിക്ക് കഴിഞ്ഞിട്ടില്ല. കെ.എം.സി.ക്ക് 85കോടി രൂപയുടെ ബാങ്ക് ഗാരന്റി എടുക്കാന്‍ കഴിയാത്തതുകൊണ്ട് ഇന്‍കലിനെകൂടെ പങ്കാളിയാക്കിയാണ് അത് സാധ്യമാക്കിയത്. പ്രവൃത്തി വൈകിപ്പിച്ച സാഹചര്യത്തിൽ കെ.എം.സിക്കെതിരേ നപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എന്‍.എച്ച്.എ.ഐ റീജണല്‍ മാനേജര്‍ ചെയര്‍മാന് കത്തുനല്‍കിയിട്ടുണ്ടെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
കെ.എം.സിക്ക് പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ടെൻഡറില്‍ പങ്കെടുത്ത രണ്ടാമത്തെ കമ്പനിക്ക് കരാര്‍ നല്‍കുകയോ റീ-ടെൻഡര്‍ വിളിയ്ക്കുകയോ വേണം. എന്നാൽ നിലവിലുള്ള കരാര്‍തുകയ്ക്ക് പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും തയാറാവില്ല. ഒരുവര്‍ഷംകൊണ്ടുതന്നെ നിര്‍മാണച്ചെലവില്‍ 15 ശതമാനംവരെ വര്‍ധന ഉണ്ടാവാറുണ്ട്. ഒന്നര വര്‍ഷം വൈകിയതിനാല്‍ അതിനനുസരിച്ചുള്ള വര്‍ധന നല്‍കേണ്ടിവരും. ഇതിനുള്ള നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ആറുമാസംവരെയെങ്കിലുമെടുക്കും. അങ്ങിനെ വന്നാൽ ബൈപ്പാസ് വികസനം വീണ്ടും അനന്തമായി നീണ്ടുപോവും.
രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28.4 കിലോമീറ്റര്‍ ആറുവരിയില്‍ വീതികൂട്ടാനാണ് 2018 ഏപ്രിൽ 18-ന് കെ.എം.സി കരാറേറ്റെടുത്തത്. രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് ഇനി എട്ടുമാസത്തോളമേ ബാക്കിയുള്ളൂ. തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ മൂന്നുവരിപ്പാലം ഉള്‍പ്പെടെ ഏഴുമേല്‍പ്പാലങ്ങളും നാല് അടിപ്പാതകളും പണിയാനുണ്ട്. കരാറില്‍ പങ്കാളിയായ ഇന്‍കലിനാകട്ടെ ഇത്രവലിയ റോഡ്പദ്ധതിയൊന്നും ഏറ്റെടുത്ത് പരിചയമില്ല. അതുകൊണ്ട് എല്ലാ തടസ്സങ്ങളും നീക്കി തുടങ്ങിയാല്‍തന്നെ പ്രവൃത്തി പൂര്‍ത്തിയാവല്‍ അനന്തമായി നീളും. .
കരാര്‍ കൊടുത്തത് പാപ്പരായ കമ്പനിക്ക്- ജി. സുധാകരന് (പൊതുമരാമത്ത് മന്ത്രി)
സാമ്പത്തികമായി പൊട്ടിപ്പൊളിഞ്ഞ ആളുകള്‍ക്കാണ് എന്‍.എച്ച്.എ.ഐ കരാര്‍ നല്‍കുന്നത്. കുതിരാനുള്‍പ്പെടെ ദേശീയപാത അതോറിറ്റി ചെയ്യുന്ന പ്രവൃത്തികളെല്ലാം കുഴപ്പത്തിലാണ്.അവരുടെ കരാറുകളെല്ലാം ഇങ്ങനെത്തന്നെയാണ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ അതും കൊടുത്തിട്ടുണ്ട്.
പ്രവൃത്തി ഉടൻ തുടങ്ങാൻ ചെയർമാന് കത്തുനൽകി
ബൈപ്പാസ് വീതികൂട്ടൽ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയർമാന് കത്തുനൽകിയിട്ടുണ്ട്. കരാറുകാർ സമർപ്പിച്ച ബാങ്ക് ഗാരൻറിയുൾപ്പെടെയുള്ളവ ചെയർമാന്റെ പരിഗണനയിലാണുള്ളത്. അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാലുടൻ പണിയാരംഭിക്കാനുള്ള നപടികൾ സ്വീകരിക്കുമെന്നാണ് എൻ.എച്ച്.എ.ഐ. മെന്പർ(പ്രോജക്ട്) ആർ.കെ. പാണ്ഡെ അറിയിച്ചത്.
-എം.കെ. രാഘവൻ എം.പി
0 Comments