കോഴിക്കോട്: ഷൊർണൂർ- കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കില്ല. ചാലിയാറിൽ വെള്ളം അപകട നിലയ്ക്ക് മുകളിൽ ഒഴുകിയതിനാൽ ഫറോക്ക് പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷമെ ഇനി ഈ പാതയിൽ ട്രെയിൻ ഗതാഗതം അനുവദിക്കുകയുള്ളുവെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. നാളെ രാവിലെ പാലത്തിന്റെ ബലപരിശോധന നടക്കും. ഇതിന് ശേഷം ഉച്ചയോടെ മാത്രമെ തീരുമാനമെടുക്കുകയുള്ളു.
കനത്ത മഴയിൽ വെള്ളം കയറിയതിനാൽ ചീഫ് എഞ്ചിനീയറടങ്ങുന്ന സംഘം പാതയിൽ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഫറോക്ക് പാലത്തിന്റെ ബലപരിശോധന നടത്താൻ തീരുമാനമായത്. ചാലിയാറിൽ വെള്ളമുയർന്നതിനെ തുടർന്ന് പാലത്തിൽ അപകട നിലയ്ക്ക് മുകളിൽ വെള്ളമെത്തിയിരുന്നു. ഇതിന് പുറമെ ഭാരതപ്പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തിരുനാവായ, പള്ളിപ്പുറം സ്റ്റേഷനുകളിലും വെള്ളം കയറിയിരുന്നു. പള്ളിപ്പുറം സ്റ്റേഷനിൽ വെള്ളമിറങ്ങിയെങ്കിലും തിരുന്നാവായയിൽ ഇപ്പോഴും പാളത്തിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ഇവിടെ പാളത്തിന് പ്രശ്നങ്ങൾ വന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
കോഴിക്കോട് ഷൊർണൂർ പാതയിൽ ഒരു ലൈനിൽ കുഴപ്പങ്ങളുണ്ടായിരുന്നില്ല. എന്നാൽ പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷം ഇതുവഴി ഗതാഗതം അനുവദിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്- ഷൊർണൂർ പാതയിലെ ട്രെയിൻ ഗതാഗതത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടില്ലെങ്കിൽ വേഗത കുറച്ച് ട്രെയിൻ കടന്നുപോകാൻ അനുവദിച്ചേക്കും. 110 കിലോമീറ്റർ വേഗതയിലാണ് കോഴിക്കോട്- ഷൊർണൂർ പാതയിൽ ട്രെയിനുകൾ ഓടിക്കുന്നത്.
നിലവിൽ ഷൊർണൂർ- പാലക്കാട് പാതയിൽ വേഗത കുറച്ചാണ് ട്രെയിനുകൾ ഓടുന്നത്. പ്രളയത്തെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ 50 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ കടന്നുപോകുന്നത്. നേരത്തെ 110 കിലോമീറ്ററായിരുന്നു ഈ പാതയിലും വേഗം അനുവദിച്ചിരുന്നത്. കോഴിക്കോട്- ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ഒരോമണിക്കൂറുകൾ ഇടവിട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളത്തിന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. ജില്ലാ കളക്ടർ ഇടപെട്ടാണ് യാത്രാപ്രതിസന്ധി പരിഹരിക്കാൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
0 Comments