ഷൊർണൂർ – മംഗളൂരു പാതയിൽ ട്രെയിനുകൾക്ക് മെല്ലെപ്പോക്ക് തുടരുന്നുകോഴിക്കോട്:പാലങ്ങളുടെ ബലക്ഷയം മൂലം ഷൊർണൂർ – മംഗളൂരു പാതയിൽ ട്രെയിൻ ഓടുന്നത് വേഗം കുറച്ച്.  6 പാലങ്ങൾ പുതുക്കിപ്പണിതിട്ടും അനുബന്ധമായി ട്രാക്ക് സ്ഥാപിക്കാനുള്ള ഭൂമി കിട്ടാത്തത് മൂലം ഉപയോഗിക്കാനാവുന്നില്ല. മറ്റ് 7 പാലങ്ങൾക്ക് അനുമതി ലഭിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല.നൂറു വർഷത്തിലധികം പഴക്കമുള്ള പാലങ്ങളിൽ ബലക്ഷയമുള്ളവ പുതുക്കിപ്പണിയാനായിരുന്നു തീരുമാനം. പുതിയ പാലങ്ങൾ പണിയുന്നതോടെ പഴയതു പൊളിക്കും. എന്നാൽ 2 വർഷം മുൻപ് പണി പൂർത്തിയാക്കിയ പാലങ്ങളിൽപ്പോലും ട്രെയിൻ ഓടിക്കാനാവാത്ത സ്ഥിതിയാണ്. പലയിടത്തും പാലത്തോടു ചേർന്നുള്ള സ്ഥലം റെയിൽവേക്ക് കൈമാറ്റം ചെയ്യാനുള്ള സാങ്കേതിക പ്രശ്നമാണ്. പാലം പണി തുടങ്ങുന്നതോടെ സ്ഥലമെടുപ്പ് നടപടി പൂർത്തിയാക്കാൻ നീക്കം നടന്നെങ്കിലും പലയിടത്തും പൂർത്തിയായില്ല. ഇതു മൂലം പഴയ പാലങ്ങളിൽ പലതിലും മണിക്കൂറിൽ 30 മുതൽ 75 കിലോ മീറ്റർ വേഗത്തിലേ ട്രെയിൻ കടത്തി വിടാനാകുന്നുള്ളൂ.

കോഴിക്കോട്– കണ്ണൂർ പാതയിലെ മൂരാട് പാലം 10 കോടിയോളം രൂപ ചെലവിൽ 2018 ഫെബ്രുവരിയിൽ പൂർത്തിയാക്കിയെങ്കിലും അനുബന്ധമായി ട്രാക്കിനുള്ള ഒന്നാം ഘട്ട സ്ഥലം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ബാക്കി ഭാഗത്ത് സ്ഥലം കിട്ടാത്ത പ്രശ്നം നിലനിൽക്കുകയാണ്. തലശ്ശേരി– എടക്കാട് സ്റ്റേഷന്റെ ഇടയിലുളള ധർമടം പാലം 3 കോടി രൂപയ്ക്ക് കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കി. സ്ഥലമെടുപ്പ് പൂർത്തിയാകാത്തതു കൊണ്ട് പാത മുന്നോട്ടു പണിതിട്ടില്ല. ബലക്ഷയമുള്ള പഴയ പാലത്തിന്റെ തൂണുകൾ കോൺക്രീറ്റ് ജാക്കറിങ് നടത്തിയതു കൊണ്ട് ഇവിടെ മാത്രം വേഗനിയന്ത്രണമില്ല. ഈ റൂട്ടിലെ കൂട്ടകടവ് പാലം 5 കോടി രൂപ ചെലവിൽ 2018 ഏപ്രിലിൽ പണി പൂർത്തിയാക്കിയെങ്കിലും പാലത്തോടു ചേർന്ന് ആവശ്യമായ 95 സെന്റിൽ 2 സെന്റ് ഒഴികെ ബാക്കി മുഴുവൻ കൈമാറി. 75 കിലോ മീറ്റർ വേഗ നിയന്ത്രണത്തിലാണ് ട്രെയിൻ ഓടുന്നത്.

ഏഴിമല– പയ്യന്നൂർ പാതയിലെ ഏഴിമല പാലം 7 കോടി രൂപ ചെലവിൽ 2018 ഡിസംബറിലാണ് പൂർത്തിയാക്കിയത്.  കഴിഞ്ഞ ഏപ്രിലി‍ൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി. ചെറുവത്തൂർ –നീലേശ്വരം പാതയിലെ കാര്യങ്കോട് പാലം 10 കോടി രൂപ ചെലവിൽ 2018 ഡിസംബറിൽ പൂർത്തിയാക്കി. ബലക്ഷയം മൂലം പാലത്തിലൂടെ 45 കിമീ വേഗത്തിലേ ട്രെയിൻ കടത്തി വിടുന്നുള്ളൂ. പാലത്തോട് ചേർന്ന് ഏറ്റെടുക്കേണ്ട ഭൂമിയുടെ 25 ശതമാനം റെയിൽവേക്ക് ഇതുവരെ കൈമാറിയിട്ടില്ല.കുമ്പള– ഉപ്പള റൂട്ടിൽ 7 കോടി രൂപ ചെലവിൽ 2017 ഡിസംബറിൽ പൂർത്തിയാക്കിയ ഷിറിയ പാലത്തിന്റെ സ്ഥലമെടുപ്പു കഴിഞ്ഞ് രണ്ടു ഭാഗത്തും മണ്ണിട്ടെങ്കിലും ട്രെയി‍ൻ ഓടാനായിട്ടില്ല. ട്രാക്ക് സംവിധാനം പൂർത്തിയാക്കി അടുത്ത ഡിസംബറോടെ ട്രെയിൻ കടത്തിവിടുമെന്നാണ് പ്രതീക്ഷ. നിലവിൽ ബലക്ഷയമുള്ള കിഴക്കു ഭാഗത്തെ പാലത്തിൽ 30 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ കടത്തി വിടുന്നുള്ളൂ.പാലങ്ങളുടെ കാലപ്പഴക്കം മൂലം 7 പാലങ്ങൾ കൂടി പുതുക്കിപ്പണിയാൻ അനുമതി കിട്ടിയിട്ടുണ്ട്. കടലുണ്ടി, തലശ്ശേരി – എടക്കാട്, പയ്യന്നൂർ –തൃക്കരിപ്പൂർ, ചെറുവത്തൂർ – തൃക്കരിപ്പൂർ, ചെറുവത്തൂർ –നീലേശ്വരം, കാഞ്ഞങ്ങാട്– പള്ളിക്കര, കോട്ടിക്കുളം –പള്ളിക്കര എന്നീ ഭാഗത്തെ പാലങ്ങളാണ് പുതുക്കിപ്പണിയുന്നത്.

6 പാലങ്ങൾ 2 വർഷം മുൻപു പുതുക്കിപ്പണിതിട്ടും അനുബന്ധമായി ട്രാക്ക് സ്ഥാപിക്കാനുള്ള ഭൂമി കിട്ടാത്തത് മൂലം  ഉപയോഗിക്കാനാവുന്നില്ല., മണിക്കൂറിൽ 30 മുതൽ 75 കിലോ മീറ്റർ വേഗത്തിലേ പലയിടത്തും ട്രെയിൻ കടത്തി വിടാനാകുന്നുള്ളൂ, 7 റെയിൽവേ പാലങ്ങൾ കൂടി പുതുക്കിപ്പണിയാൻ അനുമതി ലഭിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല

Post a Comment

0 Comments