വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിട നിർമാണം ആരംഭിക്കതെ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം



കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഒരു വർഷമായി തുടർന്നു പോരുന്ന ഷിഫ്റ്റ് സമ്പ്രദായം കാരണം കുട്ടികൾ ദുരിതമനുഭവിക്കുന്നുവെന്നു വിദ്യാർഥികളുടെ രക്ഷിതാക്കൾ. നിലവിൽ രാവിലെ 7 മുതൽ 12 വരെയും, 12 മുതൽ വൈകിട്ട് 6 വരെയുമാണ് ഷിഫ്റ്റ് സമ്പ്രദായം. രാവിലെ 7 ന് കുട്ടികൾ സ്കൂളിലെത്തണമെങ്കിൽ പുലർച്ചെ എഴുന്നേ‍ൽക്കണം.

ഇത് കുട്ടികളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കുന്നുവെന്നു രക്ഷിതാക്കൾ പറയുന്നു. പേരാമ്പ്രയിൽ നിന്നും കുന്നമംഗലത്ത് നിന്നും രാമനാട്ടുകരയിൽ നിന്നും മറ്റു ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്കാണ് ഈ ബുദ്ധിമുട്ടുള്ളത്. കെട്ടിടം പൊളിച്ചു പുതിയതു പണിയുന്നതുവരെയായിരുന്നു ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാൽ ഇതുവരെ പുതിയ കെട്ടിടം ആരംഭിക്കാനുള്ള നടപടികളൊന്നും തുടങ്ങിയില്ല. ഡിവിഷനുകൾ കുറച്ചും ക്ലാസിന്റെ സമയം കുറച്ചുമാണു നിലവിൽ ക്ലാസുകളെടുക്കുന്നത്. കുട്ടികളുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.



എം.കെ.രാഘവൻ എംപി

ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഉടൻ തന്നെ പുതിയ കെട്ടിടം വരും. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തി വേണ്ടതു ചെയ്തിട്ടുണ്ട്. പുതുതായി പണിയാ‍ൻ പോകുന്ന കെട്ടിടത്തിന്റെ പ്ലാൻ കേന്ദ്രം അംഗീകരിച്ചു.

നിർമാണത്തിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്. വിദ്യാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നവംബർ 4ന് കേന്ദ്രീയ വിദ്യാലയങ്ങളുടെ ചുമതല വഹിക്കുന്ന കമ്മിഷണറുമായി രാവിലെ 11ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാകും.



ആക്​ഷൻ കൗൺസിൽ

കഴിഞ്ഞ വർഷം കോൺക്രീറ്റ് അടർന്നുവീണതിനെ തുടർന്നാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് രക്ഷിതാക്കളുടെ നേതൃത്വത്തിൽ പണം പിരിച്ച് നിർ‍മാണം തുടങ്ങുകയായിരുന്നു. എന്നാൽ അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ആക്​ഷൻ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. ആക്​ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ രക്ഷിതാക്കളുടെയും ഒപ്പ് ശേഖരിച്ച് കേന്ദ്ര എച്ച്ആർഡി മിനിസ്റ്ററെ നേരിൽ കണ്ട് ഭീമഹർജി നൽകാൻ ഒരുങ്ങുകയാണ്.

സ്കൂളിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി ഏത് നിയമ പോരാട്ടത്തിനും തങ്ങൾ തയ്യാറാണെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. സ്കൂളിന്റെ അവസ്ഥയുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി ചർച്ച നടത്തി. പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യവുമായി ഒട്ടേറെ തവണ കേന്ദ്രത്തിലേക്ക് എഴുതി. എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കി. എന്നാൽ കേന്ദ്രത്തിൽ നിന്നും മറുപടി ലഭിച്ചില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചതായി ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments